
കണ്ണൂര്‍: ആത്മഹത്യ ചെയ്ത ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള വീഡിയോ കോളേജ് പുറത്തുവിട്ടു. സ്റ്റാഫ് റൂമില്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ധ്യാപകര്‍ ചോദിക്കുന്നതിന്റെയും കയര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മണി ഫോണിലെ വിവരങ്ങള്‍ തേടുന്നതും ലോണ്‍ ആപ്പിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പ്രിന്‍സിപ്പല്‍ തന്റെ മുറിയില്‍ വച്ച് കയര്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.
അധ്യാപികയുടെ ഫോണിലേക്ക് ലോണ്‍ ആപ്പില്‍ നിന്ന് കോള്‍ വന്നതിനെക്കുറിച്ച് അദ്ധ്യാപികയുടെ മുന്നില്‍ വെച്ച് ചോദ്യം ചെയ്യുന്നത് കാണാനാകും. അധ്യാപികയും പ്രിന്‍സിപ്പലും മറ്റു രണ്ട് അദ്ധ്യാപകരും മുറിയിലിരിക്കുന്നതും സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. നിതിന്റെ മരണത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പുള്ള നിര്‍ണായക ദൃശ്യങ്ങളാണ് ഇത്. ഇന്‍സ്റ്റ പേ ലോണ്‍ ആപ്പില്‍ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതുമായി ബന്ധപ്പെട്ട് ലത ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുന്നുണ്ട്. ആ സമയത്തും ടീച്ചര്‍ക്ക്് കാള്‍ വരുന്നു. പ്രിന്‍സിപ്പല്‍ ലോണ്‍ ആപ്പുകാരോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിധിന്‍രാജ് പ്രിന്‍സിപ്പലിന് വിവരിച്ചു നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ടീച്ചറുടെ നമ്പര്‍ റെഫെറന്‍സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യപെടുമ്പോഴും, ലോണ്‍ ആപ്പുകാര്‍ ഭീഷണി പെടുത്തുന്നു. പേയ്മെന്റ് പൂര്‍ത്തി ആകാതെ ആരുടേയും നമ്പര്‍ ഒഴിവാക്കില്ല എന്ന് പറയുന്നതായും വ്യക്തമാകുന്നുണ്ട്. നിതിന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും ചെയ്തു. അതേസമയം ദൃശ്യങ്ങള്‍ ചോര്‍ന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് നിതിന്‍രാജിന്റെ കുടുംബം വര്യക്തമാക്കുന്നത്.






