
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്. പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് 25 വര്‍ഷം തടവ്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2011 നവംബര്‍ 27നായിരുന്നു സംഭവം.
രണ്ടാംപ്രതി തൈക്കിനിയില്‍ ടി വി ബിനു 25 വര്‍ഷം തടവ് അനുഭവിക്കണം. ഒന്‍പത് പേര്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി അതിനാല്‍ 10 വര്‍ഷം തടവാണ് അനുഭവിക്കേണ്ടിവരിക. എം കെ പ്രദീപ് കുമാര്‍, പി പി സത്യന്‍, സിപിഐഎം പഞ്ചായത്തംഗം പി വി ബാബുരാജ്, ഇ കെ വിനോദ് കുമാര്‍, വിജയന്‍, കെ പി സുരേഷ്, ടോബി, ശിവപ്രകാശ് തുടങ്ങിയവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ പഞ്ചായത്തംഗമായ പി വി ബാബുരാജ് അയോഗ്യനാകും.
2011 നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിമിരി അവര്‍ കോളേജിന് സമീപത്തുവെച്ച് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞതാണ് കേസ്. സംഭവത്തില്‍ ഒന്‍പത് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ബോംബേറുണ്ടായത്.






