
ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകള്‍ വിദ്യാറാണിയും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. കൃഷ്ണഗിരി മണ്ഡലത്തില്‍ തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിക്കു വേണ്ടിയാണ് മുത്തുലക്ഷ്മി ജനവിധി തേടുന്നത്. ക്യാമറയാണ് ഇവരുടെ ചിഹ്നം. അതേസമയം, മേട്ടൂര്‍ മണ്ഡലത്തില്‍ നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായാണ് മകള്‍ വിദ്യാറാണി മത്സരിക്കുന്നത്. അഭിഭാഷക കൂടിയായ വിദ്യാറാണി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു.
വീരപ്പന്‍ പാവപ്പെട്ടവരുടെ ശബ്ദമായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ എന്നും മുത്തുലക്ഷ്മി പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കള്‍ സ്വന്തം ഭാവി ഭയന്നാണ് വീരപ്പനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടതെന്ന് അവര്‍ ആരോപിക്കുന്നു. മരം മുറിച്ചതും മൃഗങ്ങളെ വേട്ടയാടിയതും ഒപ്പമുള്ളവരെ സംരക്ഷിക്കാനായിരുന്നുവെന്നും, മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീരപ്പന്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നതിന്റെ തെളിവാണ് മകള്‍ക്ക് ലഭിച്ച വോട്ടുകളെന്നും മുത്തുലക്ഷ്മി പറഞ്ഞു.
കൃഷ്ണഗിരിയില്‍ ഇത്തവണ വിജയം ഉറപ്പാണെന്ന് അവകാശപ്പെടുന്ന മുത്തുലക്ഷ്മി, താന്‍ ജയിച്ചാല്‍ ജില്ലയിലെ പാറമടകള്‍ അടച്ചുപൂട്ടുമെന്ന് വാഗ്ദാനം ചെയ്യുന്നു. 2006ല്‍ സ്വതന്ത്രയായി മത്സരിച്ച ശേഷം ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞാണ് മുത്തുലക്ഷ്മി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. തമിഴ് ദേശീയത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികളിലൂടെ വീരപ്പന്റെ കുടുംബം തെരഞ്ഞെടുപ്പിനെ നേരിടുന്നത് തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.






