
വയനാട്: മാനന്തവാടിയിൽ ലഹരി കലർന്ന വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചു. ചേര്യംകൊല്ലി കല്ലുമൊട്ടൻ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. പ്രദേശത്തെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ അരിഷ്ടം കഴിച്ചതിനെത്തുടർന്ന് കരളിന് ഗുരുതരമായി രോഗം ബാധിച്ചാണ് മരണം സംഭവിച്ചത്.
അമിതമായി അരിഷ്ടം കുടിച്ചതിനെത്തുടർന്ന് രക്തം ഛർദിച്ച പ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. അർജുനാരിഷ്ടം എന്ന പേരിൽ എത്തുന്ന ലഹരി കലർന്ന മിശ്രിതം ധാത്ര്യാരിഷ്ടം എന്ന പേരിലാണ് ഇവിടെ വിറ്റിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
50 രൂപയ്ക്കും 100 രൂപയ്ക്കും ചെറിയ കുപ്പികളിലാക്കി ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് ഈ വ്യാജ അരിഷ്ടം വിറ്റഴിച്ചിരുന്നത്. പ്രസാദിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് പോലീസ് ഇടപെട്ട് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് അടപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






