
കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ എം.എൻ. കാരശേരി . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രിയെ ചൊല്ലി തർക്കിക്കുന്ന കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ ജനങ്ങളോട് കുറച്ചുകൂടി മര്യാദയും വിനയവും കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ കുറച്ചുകൂടി മര്യാദ കാണിക്കണമെന്നും ജനാധിപത്യത്തോടും ബഹുജനങ്ങളോടും കുറച്ചുകൂടി വിനയം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചക്ക് പിന്നാലെയാണ് കാരശേരിയുടെ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അടുത്ത മുഖ്യമന്ത്രി ആരാണ് എന്നുള്ള ചർച്ചയാണ്. മെയ് നാലാം തിയതി ഫലം വരും. ഭൂരിപക്ഷം കിട്ടിയാൽ മാത്രം വരുന്ന ഒരു പ്രശ്നമാണ് ആരാണ് മുഖ്യമന്ത്രി എന്ന്. യുഡിഎഫ് വരുമെന്നോ കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകും എന്നൊക്കെ പ്രതീക്ഷിക്കാൻ അവർക്ക് എല്ലാ അവകാശവും ഉണ്ട്. പക്ഷേ, ജനങ്ങളെ പരിഹസിക്കുന്ന മട്ടിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്തവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി വി ഡി സതീശൻ വേണോ, കെ സി വേണുഗോപാൽ വേണോ, രമേശ് ചെന്നിത്തല വേണോ, വി മുരളീധരൻ വേണോ എന്നതാണ് ചർച്ച. സൈബർ അണികളല്ല, കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഈ ചർച്ച നടത്തുന്നുവെന്നും ഉത്തരവാദിത്തപ്പെട്ട കെ. സുധാകരൻ, മാത്യു കുഴൽനാടൻ തുടങ്ങിയവർ ചർച്ച നടത്തിയത് ശരിയായില്ലെന്നും കാരശേരി വിമർശിച്ചു. മലയാളി എന്നുള്ള നിലയ്ക്ക്, ഒരു ജനാധിപത്യ വിശ്വാസി എന്നുള്ള നിലയ്ക്ക്, ജനങ്ങളോട് ബഹുമാനമുള്ള ഒരാൾ എന്നുള്ള നിലയ്ക്ക് എനിക്കിത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.






