
കിളിമാനൂർ: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പലപ്പോഴായി ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം.
ഈ പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, മാതാവിന്‍റെ സാന്നിധ്യത്തിൽ തന്നെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറമെ വർക്കല ബീച്ചിൽ കൊണ്ടുപോയും പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടർന്ന് മാതാവിനടുത്തേക്ക് പോകാൻ കൂട്ടാക്കാതായതോടെ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിതാവാണ് മകളെ പുനരധിവാസ കേന്ദ്രമായ 'സ്നേഹിത'യിൽ കുട്ടിയെ എത്തിച്ചത്.






