
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാത്തരം ബന്ധങ്ങളും ഉപേക്ഷിച്ച് പി.വി. അന്‍വര്‍. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനും കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കുന്ന നിലപാടുകളുള്ള പാര്‍ട്ടിയായിരിക്കുമെന്നും പറഞ്ഞു. ദേശീയ രാഷ്ട്രീയപാര്‍ട്ടിയായ തൃണമൂലില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് അത് വിടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ വ്യക്തമാക്കി.
പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പായി തൃണമൂലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും. താന്‍ പ്രഖ്യാപിക്കുന്ന പുതിയ പാര്‍ട്ടി പിണറായിസത്തിന് എതിരേയുള്ളതും പൂര്‍ണ്ണമായും കോണ്‍ഗ്രസിന്റേയും രാഹുലിന്റെയും ആശയവുമായി യോജിച്ച് പോകുന്നതുമായിരിക്കും.
മെയ് 15 നുള്ളില്‍ സംസ്ഥാനത്തെ മറ്റൊരു പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയൂടേയും ആശയത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയായിരിക്കും അതെന്നും പറഞ്ഞു. പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു സമയത്തും പിന്തുണ കിട്ടിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും തന്നെ തന്റെ പ്രചരണത്തിനോ മറ്റു കാര്യങ്ങള്‍ക്കോ എത്തിയില്ലെന്നും പറഞ്ഞു.
കോണ്‍ഗ്രസുമായോ രാഹുല്‍ഗാന്ധിയുമായോ ഒരു തരത്തിലുള്ള വേദി പങ്കിടാന്‍ ഒരുക്കമല്ലെന്ന മറുപടിയാണ് തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തില്‍ നിന്നും കിട്ടിയതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. സിപിഐഎം വിരുദ്ധ കോണ്‍ഗ്രസ് വിരുദ്ധ ബിജെപി വിരുദ്ധ പാര്‍ട്ടിയായിട്ടാണ് തൃണമൂല്‍ നില്‍ക്കുന്നതെന്നും കിട്ടിയ മറുപടിയില്‍ പറയുന്നു. അതേസമയം താന്‍ കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും രാഹുലുമായി സഹകരിക്കുന്ന സാഹചര്യത്തിലാണ് തൃണമൂല്‍ വിടാന്‍ തീരുമാനം എടുത്തതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.






