
കൊച്ചി: വോട്ടെണ്ണലിന് ഇനി പന്ത്രണ്ടു ദിനം. പെട്ടിപൊട്ടും മുമ്പേ വിജയഗാനങ്ങള്‍ക്ക് അണിയറയില്‍ ഒരുക്കം. ജയിക്കുമെന്ന ഉറപ്പില്‍ ഇരുമുന്നണികളും പാട്ടുകള്‍ റെഡിയാക്കുകയാണ്. പാര്‍ട്ടികള്‍ക്കു പുറമേ സ്ഥാനാര്‍ഥികളുടെ പേരുള്ള വിജയാഹ്‌ളാദപ്പാട്ടുകളും തയാറാകുന്നുണ്ട്. ജയിച്ചാല്‍ മാത്രമേ ഈ 'സ്ഥാനാര്‍ഥിപ്പാട്ടുകള്‍' പുറംലോകം കേള്‍ക്കു. തോറ്റവരുടെ 'വിജയഗാനങ്ങള്‍' രഹസ്യമായി സൂക്ഷിക്കും.
25 വര്‍ഷമായി പാരഡി രംഗത്തുള്ള അബ്ദുള്‍ ഖാദര്‍ കാക്കനാടും സംഘവും സ്റ്റുഡിയോയില്‍ വിജയപ്പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലാണ്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്തമാണ് ഇപ്രാവശ്യത്തേതെന്നാണ് ഖാദര്‍ പറയുന്നത്. വീറും വാശിയും അത്രമേല്‍ ഉണ്ടായിരുന്നു. ആരു ജയിക്കുമെന്നോ തോല്‍ക്കുമെന്നോ പറയാന്‍ പറ്റുന്നില്ല. പക്ഷേ, പാരഡിപ്പാട്ടില്‍ എല്ലാവരെയും ഖാദര്‍ ജയിപ്പിക്കും.
ഇക്കുറി കൂടുതലായി പാട്ടൊരുക്കാനെത്തിയത് ഐക്യമുന്നണിയാണ്. ഇത്തിരി ആത്മവിശ്വാസം അവര്‍ക്കു കൂടുതലാണത്രേ. വിജയാഹ്‌ളാദപ്പാട്ട് വേണമെന്ന് ഇടതു സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ആരാണെന്നു വെളിപ്പെടുത്തില്ല. അത് ട്രേഡ് സീക്രട്ടാണ്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പാട്ടില്‍ അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണു വരികള്‍ ചിട്ടപ്പെടുത്തുന്നത്. ജയിച്ചാല്‍ മാത്രമേ ഇതു കാതുകളിലെത്തൂ. നേരത്തേ ചോര്‍ന്നാല്‍ പൊല്ലാപ്പാണ്.
അടിച്ചുപൊളി ഡപ്പാംകൂത്ത് പാട്ടുകള്‍ക്കാണു പ്രിയം. കേട്ടിട്ട് അണികള്‍ അറഞ്ഞു തുള്ളണം. വാഴ 2 ലെ നാടന്‍പാട്ടിന്റെ ഈണത്തിലാണ് ഇടതുമുന്നണിയുടെ വിജയഗാനം. യു.ഡി.എഫിന്റെ വിജയഗാനം മാപ്പിളപ്പാട്ടിന്റെ രീതിയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തിയായിരുന്നു എല്‍.ഡി.എഫിന്റെ കാമ്പയിന്‍. യു.ഡി.എഫിന്റെ ഗാനവും പിണറായിയെത്തന്നെ ലക്ഷ്യമിട്ടാണ്. 'കടക്കുപുറത്ത്' തൊട്ടുള്ളവ ഈ പാട്ടില്‍ വരും. തോറ്റാല്‍ വനവാസമെന്നു പറഞ്ഞ സതീശനെ ഉന്നമിട്ടുള്ള വനവാസ ഗാനവും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള സാധാരണ വിജയഗാനങ്ങള്‍ നേരത്തെ തയാറാക്കി നല്‍കും. അഡ്വാന്‍സ് വാങ്ങിച്ചിട്ടേ പാട്ടുകള്‍ തയാറാക്കുന്നുള്ളൂ. പ്രവചനാതീതമായ മത്സരമായതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വിജയത്തിന്റെ കാര്യത്തില്‍ അത്രയ്ക്ക് ഉറപ്പൊന്നുമില്ല. വിവിധ ജില്ലകളില്‍നിന്ന് വിജയപ്പാട്ടിനായി ആവശ്യക്കാര്‍ എത്തുന്നുണ്ട്.






