
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് സിബിഐ. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടിയെത്തിയ ഈ സീരിസില്‍ ഇതുവരെ അഞ്ച് സിനിമകളാണ് പുറത്തുവന്നത്. ഇപ്പോഴിതാ സേതുരാമയ്യര്‍ സിബിഐ എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന് സായ് കുമാര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്നും അടി വാങ്ങുന്ന രംഗത്തെക്കുറിച്ചാണ് സായ്കുമാര് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയ കാലത്തെ വൈറല്‍ രംഗങ്ങളിലൊന്നാണ് ചോദിച്ച് തല്ലുവാങ്ങുന്ന സായ്കുമാര്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അടി തിരക്കഥയിലുണ്ടായിരുന്നില്ല. മമ്മൂട്ടിയും കെ മധുവും എസ്എന്‍ സ്വാമിയടക്കമുളളവര് പോലും വേണ്ടെന്നു പറഞ്ഞിട്ടും താന്‍ ചോദിച്ച് വാങ്ങിയ അടിയായിരുന്നു അതെന്നാണ് സായ് കുമാര്‍ പറയുന്നത്. ഏറ്റവും പുതിയ ചിത്രമായ മധുവിധുവിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആ അടി ഞാന്‍ ചോദിച്ച് വാങ്ങിച്ചതാ.. ആ സീനെടുക്കുമ്പോള്‍ മമ്മൂക്കയോട് പറഞ്ഞു ഒരടി. 'പോടാ അവിടെന്ന്' എന്നായിരുന്നു മറുപടി. 'അടിയൊന്നും ഇല്ല. സേതുരാമയ്യര്‍ ആരെയും അങ്ങനെ അടിക്കയൊന്നും ഇല്ല' എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരടി ഇക്ക. ഇല്ലെന്ന് മമ്മൂക്ക തീര്‍ത്ത് പറഞ്ഞു. മധു ചേട്ടനോടും പറഞ്ഞു ഒരടി. 'അടിയാ.. പോടാ' എന്നായിരുന്നു മറുപടി. ഞാന്‍ പറഞ്ഞു വേണ്ടെങ്കില്‍ നിങ്ങള്‍ വെട്ടിക്കളഞ്ഞോ. അങ്ങനെ എടുത്തതാണ് ആ സീന്‍.
തിയറ്ററില്‍ എത്തിയപ്പോള്‍ അതിന് വലിയ കയ്യടി. 'എടാ അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്തില്ലെ സീന്‍. എങ്ങനെ ഉണ്ടായിരുന്നെ'ന്ന് മധുചേട്ടന് ഇപ്പോഴെന്നോട് ചോദിക്കും. ഞാനൊന്നും മിണ്ടിയില്ല. സ്വാമി സാറിന്റെ സ്ക്രിപ്റ്റിലേ ഇല്ലാത്ത കാര്യമായിരുന്നു അത്', എന്നായിരുന്നു സായ്കുമാറിന്റെ വാക്കുകൾ.





