
തെലുങ്ക് സിനിമാ മേഖലയില്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് പുരി ജഗന്നാഥ്. മഹേഷ് ബാബു നായകനായ ' ബദ്രി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2000 ഏപ്രില്‍ 20-നായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
ബദ്രിയ്ക്ക് ശേഷവും നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോഴിതാ സംവിധായകനായി 26 വര്‍ഷം തികയുന്ന വേളയില്‍ പുരി ജഗന്നാഥിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ വിജയ് സേതുപതി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ' സ്ലംഡോഗ് 33 ടെമ്പിള്‍ റോഡ്' എന്ന സിനിമയുടെ സെറ്റില്‍ നിന്നുളള ചിത്രവും വിജയ് സേതുപതി പങ്കുവച്ചു.
'ഈ മനുഷ്യന്റെ യാത്ര അതിശയിപ്പിക്കുന്നതാണ്. സിനിമയിലെ 26 വര്‍ഷങ്ങള്‍ എന്നത് വെറുമൊരു നാഴികക്കല്ലല്ല, മറിച്ച് ധൈര്യവും ആത്മവിശ്വാസവും നിര്‍ഭയമായ ശബ്ദവും കൊണ്ട് കെട്ടിപ്പടുത്ത ഒരു പാരമ്പര്യമാണ്. പ്രിയപ്പെട്ട പുരി സാര്‍, സ്ലംഡോഗ് 33 ടെമ്പിള്‍ റോഡ് എന്ന സിനിമയില്‍ താങ്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.'
ചിത്രത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇതൊരു 'വളരെ സവിശേഷമായ സിനിമ' ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമുക്ക് നമ്മളില്‍ തന്നെ വിശ്വാസമില്ലാത്തപ്പോള്‍ പോലും നമ്മളെ വിശ്വസിക്കുന്ന സംവിധായകര്‍ക്കായി അഭിനേതാക്കളായ നമ്മള്‍ എപ്പോഴും തിരയാറുണ്ട്, പുരി സാര്‍ കൃത്യമായി അങ്ങനെയുള്ള ഒരാളാണ്. മറ്റൊരിടത്തും കണ്ടെത്താന്‍ പ്രയാസമുള്ള ഒരു തരം ഊര്‍ജ്ജമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. നിങ്ങള്‍ക്ക് തുടര്‍ന്നും വിജയങ്ങള്‍ ഉണ്ടാവട്ടെയെന്നും, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ സ്വാധീനമുള്ള കഥകള്‍ പറയാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു. എപ്പോഴും ബഹുമാനത്തോടെ ,' വിജയ് സേതുപതി കുറിച്ചു.
പുരി ജഗന്നാഥിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ' പുരി കണക്ട്‌സ്' നിര്‍മ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ചാര്‍മി കൗര്‍ ആണ്. സംയുക്ത നായികയായി എത്തുന്ന ചിത്രത്തില്‍ തബുവും, വിജയ് കുമാറും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.





