
തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി കല്‍ക്കി കൊച്ച്‌ലിന്‍. മുന്‍ പങ്കാളിയുമായുളള വേര്‍പിരിയല്‍ മാസങ്ങളോളം ഉറക്കമില്ലായ്മയിലേക്ക് തന്നെ കൊണ്ടെത്തിച്ചു എന്നാണ് താരം പറഞ്ഞത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘ബ്രേക്കപ്പ് മൂലം എനിക്ക് മാസങ്ങളോളം ഉറക്കമില്ലായ്മ അനുഭവപ്പെട്ടു, ഇതെല്ലാം എത്രത്തോളം നമ്മുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശരിക്കും മനസ്സിലായി,” കൽക്കി വ്യക്തമാക്കി.
“എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല, പുലർച്ചെ 2 മണിക്കും 3 മണിക്കുമെല്ലാം ഞാൻ ഉണർന്നിരുന്ന് ഗിറ്റാർ വായിക്കുകയോ എന്നെത്തന്നെ തിരക്കിലാക്കാൻ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുമായിരുന്നു, ഉറങ്ങാൻ ഒരു വഴിയുമില്ലായിരുന്നു,” കൽക്കി കൂട്ടിച്ചേർത്തു. നീണ്ട ഉറക്കക്കുറവ് കൽക്കിയുടെ പ്രൊഫഷണൽ ജീവിതത്തെയും ബാധിച്ചിരുന്നു.
ജോലി ചെയ്യേണ്ടി വന്ന ദിവസങ്ങളിൽ, താൻ സ്വപ്നത്തിലാണോ അതോ ഉണർന്നിരിക്കുകയാണോ എന്നൊന്നും മനസിലായില്ലെന്നും ആകെമൊത്തം ആശയക്കുഴപ്പത്തിലായിരുന്നു എന്നും കൽക്കി പറഞ്ഞു. അതേസമയം ഏത് ബന്ധത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെന്ന് കൽക്കി വ്യക്തമാക്കിയില്ല. ബാല്യകാലത്ത് തന്നെ കണ്ട മാതാപിതാക്കളുടെ വേർപിരിയലടക്കമുള്ള അനുഭവങ്ങളാണ് ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയതെന്ന് കൽക്കി മുമ്പ് പറഞ്ഞിട്ടുണ്ട്.





