
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തായ്ലന്ഡില് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായി കശ്മീര്‍ സ്വദേശിയായ ഇന്ത്യന്‍ യുവാവിന്റെ പരാതി. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ക്രാബിയിലെ ഒരു റെസ്റ്റോറന്റില്‍ വെച്ചാണ് സംഭവം നടന്നത്. പ്രഭാതഭക്ഷണത്തിന് ശേഷമുള്ള ബില്ലിലെ തുകയെക്കുറിച്ച് യുവാവ് സംശയം പ്രകടിപ്പിച്ചതാണ് വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് മോശം പെരുമാറ്റത്തിലേക്കും നയിച്ചത്.
ഭാഷാപരമായ തടസ്സങ്ങള്‍ നീക്കാന്‍ റെസ്റ്റോറന്റ് അധികൃതര്‍ വിളിച്ചുവരുത്തിയ സ്ത്രീയാണ് ഇന്ത്യക്കാരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. യുവാവ് ഇന്ത്യയില്‍ നിന്നാണെന്ന് അറിഞ്ഞതോടെ 'ഇന്ത്യക്കാര്‍ക്ക് പണം നല്കാന് ഇഷ്ടമല്ല' എന്നടക്കമുള്ള വംശീയ പരാമര്‍ശങ്ങളും അസഭ്യവര്‍ഷവും ഇവര്‍ നടത്തിയതായി സഞ്ചാരി വെളിപ്പെടുത്തി. തായ്ലന്ഡില് നിന്ന് ആദ്യമായാണ് ഇത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വഷളായതോടെ യുവാവ് പോലീസിനെ വിളിക്കുകയും ഉദ്യോഗസ്ഥരെത്തി വിഷയം സൗമ്യമായി പരിഹരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ റെസ്റ്റോറന്റ് മാനേജര്‍ യാത്രികനോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞു. വംശീയത ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഇത്തരം ചിന്താഗതികള്‍ക്കെതിരെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കണമെന്നും യുവാവ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.
യുവതിയുടെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. നിരവധി പേര് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍, തായ്ലന്ഡിലെ ചിലയിടങ്ങളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ വിലപേശല്‍ സ്വഭാവം മുന്‍പും പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. എങ്കിലും ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വംശീയമായി അധിക്ഷേപിക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് പൊതുവായ അഭിപ്രായം.






