
ബംഗളൂരു: ദുരഭിമാനക്കൊല ഭയന്ന് യുവതി പിതാവിനെതിരെ കോടതിയെ സമീപിച്ചു. തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതം നൽകിയില്ല എങ്കിൽ പിതാവ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി യുവതി കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഹർജി സ്വീകരിച്ച കോടതി യുവതിക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടു.
കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് പരാതിക്കാരി. രാജസ്ഥാൻ സ്വദേശിയായ ഡോ.യശ്പാൽ എന്ന ആളുമായി തന്റെ ഇഷ്ടപ്രകാരമല്ല പിതാവ് അശോക് രാജ് പുരോഹിത് വിവാഹം തീരുമാനിച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറിയാൽ തന്നെ പിതാവ് കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായും പരാതിക്കാരി പറയുന്നു.
ബംഗളൂരു വൈറ്റ്ഫീൽഡിലാണ് യുവതി താമസിക്കുന്നത്. അതിനാൽ, വൈറ്റ്ഫീൽഡ് പൊലീസ് യുവതിക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.






