
തൃശൂര്‍: ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന തൃശൂര്‍പൂരത്തില്‍ വെടിക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കി ചടങ്ങുമാത്രമായി മാറിയേക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ അന്തിമതീരുമാനം നാളെ നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും.
നാളെ തിരുവമ്പാടി, പാറമ്മേല്‍ക്കാവ് ദേവസ്വങ്ങള്‍, ജില്ലാഭരണകൂടം, എട്ടു ക്ഷേത്രങ്ങള്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ തൃശൂര്‍പൂരത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുക്കും.
തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് വേണമോ എന്ന കാര്യത്തില്‍ മന്ത്രിസഭ ഇന്നെടുക്കുന്ന തീരുമാനം നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ അറിയിക്കും. പൊതുവികാരം മാനിച്ചുള്ള നടപടിയുണ്ടാകുക എന്നാണ് തിരുവമ്പാടി, പാറമ്മേക്കാവ് ദേവസ്വം വ്യക്തമാക്കിയിരിക്കുന്നത്. പൂരത്തിന്റെ വെടിക്കെട്ട് ഒഴികെയുള്ള ചടങ്ങുകള്‍ ദേവസ്വത്തിന്റെ കൂടിയാലോചനയില്‍ തീരുമാനം എടുക്കും.
അതേസമയം മുണ്ടത്തിക്കോട്ടെ പടക്കനിര്‍മ്മാണശാലയില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കാണാതെ പോയവരുടെ വിവരങ്ങളുണ്ടെങ്കില്‍ ജില്ലാഭരണകൂടത്തെയൂം പോലീസിനെയും അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.






