
സ്റ്റേജില്‍ കയറുമ്പോള്‍ സദസിനെ കണ്ട് പേടിച്ച് പറയാന്‍ വന്ന കാര്യങ്ങള്‍ മറന്നുപോകുന്ന അനുഭവം പലര്‍ക്കുമുണ്ടാകും. അത്തരത്തില്‍ പാട്ടുപാടാന്‍ വന്ന് മൈക്കിന് മുന്നില്‍ പകച്ചുനിന്ന ഒരു കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പെണ്‍കുട്ടി വേദിയില്‍ നിശബ്ദയായി നിന്നതോടെ അവളെ പിന്തുണച്ച് അധ്യാപിക എത്തുകയായിരുന്നു. സദസിലുള്ളവര്‍ കൈയടി നല്‍കാത്തതുകൊണ്ടാണ് അവള് പാടാത്തതെന്നും അവള്‍ക്ക് വരികളെല്ലാം നല്ല ഓര്‍മ്മയുണ്ടെന്നും പറഞ്ഞ് അധ്യാപിക കുട്ടിക്ക് ആത്മവിശ്വാസം നല്കി.
അധ്യാപികയുടെ വാക്കുകള്‍ കേട്ട് സദസില്‍ നിന്നും നിറഞ്ഞ കൈയടി ഉയര്‍ന്നതോടെ ആ കൊച്ചു ഗായിക തന്റെ ഭയത്തെ അതിജീവിച്ചു. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ 'തുടരും' എന്ന സിനിമയിലെ 'മിഴിയോരം' എന്ന മനോഹരമായ ഗാനം പാടി അവള് ഏവരുടെയും ഹൃദയം കീഴടക്കി. അധ്യാപിക നല്കിയ കൃത്യസമയത്തെ പിന്തുണയാണ് ഭീതിയുടെ നിമിഷങ്ങളില്‍ നിന്ന് ആ കുട്ടിയെ തിരികെ കൊണ്ടുവന്നതും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിച്ചതും.
വീഡിയോ വൈറലായതോടെ പെണ്‍കുട്ടിക്കൊപ്പം തന്നെ അധ്യാപികയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. കുട്ടികളുടെ മനസ്സ് തിരിച്ചറിയുന്ന ഇത്തരം അധ്യാപകരാണ് വിദ്യാലയങ്ങള്‍ക്ക് ആവശ്യമെന്ന് പലരും അഭിപ്രായപ്പെട്ടു. 'ഇങ്ങനെയൊരു ടീച്ചര്‍ തനിക്കുണ്ടായിരുന്നെങ്കില്‍ താന്‍ കളക്ടര്‍ ആകുമായിരുന്നു' എന്നതുള്‍പ്പെടെയുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഭാവിയില്‍ വലിയൊരു ഗായികയാകാന്‍ ഈ കുരുന്നിന് സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ ഒരേസ്വരത്തിലുള്ള ആശംസ.






