
ആക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് 12:30-ഓടെ ബൈസരനിലെ വേലിക്കെട്ടിന് സമീപം ഭീകരര്‍ ഒളിച്ചിരിക്കുന്നത് ഇവര്‍ കണ്ടിരുന്നു. അത്യാധുനിക ആയുധങ്ങളുമായി എത്തിയവര്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് ജട്ടിന്റെ ആളുകളാണെന്നും ഇരുവര്‍ക്കും ധാരണയുണ്ടായിരുന്നു. എന്നാല്‍, ഭീകരരെ കണ്ടിട്ടും പ്രതികള്‍ അധികൃതരെ അറിയിക്കാതെ സ്വന്തം ജോലിയില്‍ മുഴുകി.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയാന്‍, അറസ്റ്റിലായ രണ്ടു കുതിരക്കാര്‍ക്ക് കഴിയുമായിരുന്നുവെന്നു റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ തലേന്നു പാക് ഭീകരര്‍ക്ക് അഭയം നല്‍കിയ പര്‍വേസ് അഹമ്മദ്, ബഷീര്‍ അഹമ്മദ് ജോതാദ് എന്നിവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2025 ഏപ്രില്‍ 22-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ആക്രമണം. പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയിലെത്തിയ ഭീകരര്‍ വിനോദസഞ്ചാരി വെടിവയ്ക്കുകയായിരുന്നു.
മലയാളിയടക്കം 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനുമാണ് അന്നു കൊല്ലപ്പെട്ടത്. ഫൈസല്‍ ജട്ട് എന്ന സുലൈമാന്‍ ഷാ, ഹബീബ് താഹിര്‍ എന്ന ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നീ പാക് ഭീകരരായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിന്റെ തലേന്ന് പര്‍വേസിന്റെയും ബഷീറിന്റെയും വീട്ടിലാണ് മൂവര്‍ സംഘം തമ്പടിച്ചത്. അത്യാധുനിക ആയുധങ്ങളും കമ്യൂണിക്കേഷന്‍ പകരണങ്ങളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു.
ഉര്‍ദു കലര്‍ന്ന പഞ്ചാബിയിലാണു സംഘം സംസാരിച്ചിരുന്നതെന്നും അലി ഭായ് (പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാനും ലഷ്‌കര്‍ കമാന്‍ഡറുമായ പാക് ഭീകരന്‍ സാജിദ് ജട്ട്) എന്നയാളെക്കുറിച്ച് പരാമര്‍ശം നടത്തിയെന്നും പ്രതികള്‍ പിന്നീട് മൊഴി നല്‍കി. ഭക്ഷണം, വിശ്രമം എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ക്കായി 3000 രൂപയും ഇവര്‍ ഭീകരരില്‍നിന്നു കൈപ്പറ്റി. അഞ്ചു മണിക്കൂര്‍ തങ്ങിയശേഷം 21-ന് രാത്രി പത്തരയോടെ ഭീകരര്‍ സ്ഥലംവിട്ടുവെങ്കിലും ഈ വിവരം പോലീസിനെയോ ടൂറിസ്റ്റ് അസോസിയേഷനെയോ അറിയിക്കാന്‍ പ്രതികള്‍ തയാറായില്ല.
ആക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് 12:30-ഓടെ ബൈസരനിലെ വേലിക്കെട്ടിന് സമീപം ഭീകരര്‍ ഒളിച്ചിരിക്കുന്നത് ഇവര്‍ കണ്ടിരുന്നു. അത്യാധുനിക ആയുധങ്ങളുമായി എത്തിയവര്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് ജട്ടിന്റെ ആളുകളാണെന്നും ഇരുവര്‍ക്കും ധാരണയുണ്ടായിരുന്നു. എന്നാല്‍, ഭീകരരെ കണ്ടിട്ടും പ്രതികള്‍ അധികൃതരെ അറിയിക്കാതെ സ്വന്തം ജോലിയില്‍ മുഴുകി. വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് പഹല്‍ഗാമിലേക്ക് എത്തിച്ച ശേഷം സാധാരണ പോലെ മടങ്ങി. വൈകിട്ട് കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തുവന്നതോടെ തങ്ങള്‍ അഭയം നല്‍കിയവര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് ഉറപ്പായ പ്രതികള്‍ വീടുകള്‍ ഉപേക്ഷിച്ച് ഒളിവില്‍ പോകുകയായിരുന്നു.
2025 ജൂണ്‍ 22-നാണ് എന്‍.ഐ.എ ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഡിസംബറില്‍ ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പാകിസ്താനിലെ ബഹാവല്‍പുര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ഫോണ്‍ നമ്പറുകളില്‍നിന്നാണ് ഈ ആക്രമണവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.






