
എരുമപ്പെട്ടി: ഓട്ടോ പെയിന്റിങ് തൊഴിലാളിയായ സുവിന്റെ ഹരമായിരുന്നു വെടിക്കോപ്പ് നിര്‍മ്മാണ ജോലികള്‍. തൃശ്ശൂര്‍ പൂരം പോലെയുള്ള പ്രധാന പൂരങ്ങളുടെ വെടിക്കോപ്പ് നിര്‍മ്മാണ ജോലികളില്‍ കുണ്ടന്നൂര്‍ സ്വദേശിയായ സുവിന്‍ കൂട്ടുകാരോടൊപ്പം എല്ലാ കൊല്ലവും പങ്കെടുക്കാറുണ്ട്. മുട്ടിക്കല്‍ വര്‍ക്ക് ഷോപ്പിലെ പെയിന്റിങ് തൊഴിലാളിയാണ് സുവിന്‍. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വീട്ടുകാരോട് യാത്ര പറഞ്ഞ് ഇക്കൊല്ലം ആദ്യമായി വെടിക്കോപ്പ് നിര്‍മ്മാണ ജോലികള്‍ക്കായി ഇറങ്ങുമ്പോള്‍ അത് മരണത്തിലേക്ക് ആകുമെന്ന് കരുതിയില്ല.
വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കി 21 നു രാത്രി 11 മണിയോടെ സുവിന്റെ ചലനമറ്റ പാതി മൃതദേഹമാണ് വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ശരീരത്തിന്റെ അരയ്ക്കു താഴെ സ്‌ഫോടനത്തില്‍ തകര്‍ന്നു പോയിരുന്നു. കുണ്ടന്നൂര്‍ മുതുകാട്ടില്‍ വിജയന്റെയും സുലോചനയുടെയും ഏക മകനാണ് 42 വയസുകാരനായ സുവിന്‍. ഭാര്യ: അഞ്ജു. കുണ്ടന്നൂര്‍ പള്ളി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ ഏക മകനാണ്. സഹോദരി: സുമി.
ഇക്കഴിഞ്ഞ 21 നു രാവിലെയാണ് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ജോലികള്‍ക്കായി കുമരനെല്ലൂര്‍ സ്വദേശി വാസുദേവന്‍ വീട്ടില്‍നിന്നു പോയത്. വൈകുന്നേരം വെടിക്കെട്ട് അപകടത്തിന്റെ വാര്‍ത്തയറിഞ്ഞപ്പോഴും വാസുദേവന്‍ അതില്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചില്ല. നാട്ടില്‍ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടിയാണ് വാസുദേവന്‍ കുടുംബം പുലര്‍ത്തിയിരുന്നത്.
പുല്ലുവെട്ട് പണിയില്ലാത്ത സമയത്തായിരുന്നു പടക്ക നിര്‍മാണ ജോലിക്ക് പോയിരുന്നത്. അതുപോലെയാണ് ചൊവ്വാഴ്ചയും വീട്ടില്‍ നിന്നിറങ്ങിയത്. പടക്ക നിര്‍മ്മാണ ജോലികള്‍ക്ക് പോയാല്‍ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് പലപ്പോഴും മടങ്ങി വരാറുള്ളതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് മകന് അപകടം പറ്റി ഏറെ സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നു വാസുദേവന്‍.
ഇന്നലെ മകന്‍ അശ്വിന്‍ദേവ് പഠന ആവശ്യത്തിനായി എറണാകുളത്ത് പോയിരിക്കുകയായിരുന്നു. നിരവധി ക്ഷേത്രങ്ങളിലും മറ്റും ഉത്സവത്തിനു മുന്നോടിയായി കാടും പൊന്തയും വെട്ടി തെളിക്കുന്നത് വാസുദേവന്‍ ആയിരുന്നു. കൃത്യമായും വൃത്തിയായും വാസുവിനെ ഏല്‍പ്പിച്ചാല്‍ അത് നടക്കും എന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാമെന്നതിനാല്‍ തിരക്ക് കാരണം മറ്റൊരാളെ പറഞ്ഞയക്കാം എന്ന് പറഞ്ഞാല്‍ പോലും ആരും അതിനു തയ്യാറായിരുന്നില്ല. അത്രയ്ക്കും വിശ്വാസവും ഇഷ്ടവുമായിരുന്നു എല്ലാവര്‍ക്കും.
വാസുദേവന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലക്കി. ചൊവ്വാഴ്ച രാത്രിയിലാണ് മൃതദേഹം കുമരനല്ലൂര്‍ കൊടിക്കാംകുന്നിലെ മാടിപ്പുറത്തെ വീട്ടിലെത്തിച്ചത്. ബുധനാഴ്ച രാവിലെ കുമരനല്ലൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം, മൃതദേഹം പൊന്നാനി കുറ്റിക്കാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: സനിത. മക്കള്‍: അശ്വിന്‍ദേവ്, അനുശ്രീ.






