
കൊച്ചി: വിരമിച്ചശേഷം പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന പോലീസ് ഓഫീസര്‍മാര്‍, പരസ്യമായി സേനയെ വെല്ലുവിളിക്കുന്നതില്‍ പോലീസ് സംഘടന കളില്‍ അമര്‍ഷം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്ന ഇവര്‍ പോലീസിനെതിരേ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം നിറയുന്നുണ്ട്. ഇത്തരക്കാരെ അവഗണിക്കാന്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ ആഹ്വാനം.
വട്ടിയൂര്‍ക്കാവ് സംഘര്‍ഷത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് പോലീസിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഊര്‍ജം പകര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ രംഗത്തുവന്നതാണ് സംഘടനകളെ ചൊടിപ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ സംഘര്‍ഷ സാഹചര്യം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ മൃഗീയമായി മര്‍ദിക്കുകയും കല്ലും വിറകും എറിയുകയും ചെയ്തു. അതില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പ്രതികളാണ്.
പോലീസ് ഉദ്യോഗസ്ഥരുടെ വാസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുക, അവരുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക എന്നിവ പതിവായി. ഇത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകര്‍ക്കാന്‍ പറ്റുന്നതല്ല കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങളെന്ന് വിരമിച്ച വമ്പന്മാര്‍ ഓര്‍ക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. മുന്‍ ഡിജിപിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ, തിരുവനന്തപുരത്ത് നെട്ടയത്ത് ബിജെപി-സി.പി.എം. സംഘര്‍ഷ ത്തില്‍ അറസ്റ്റിലായവരെ മര്‍ദിച്ചെന്നാരോപിച്ച് പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു.
നേരത്തെ, ആര്‍. ശ്രീലേഖ സര്‍വീസിലിരിക്കെ പോലീസിലെ ചില ഉന്നതോദ്യോഗസ്ഥരെയും പ്രവര്‍ത്തനരീതികളെയും വിമര്‍ശിച്ച് പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. തലസ്ഥാനത്തെ മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പോലീസുകാരനെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കുകയും പ്രതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തുകയും ചെയ്തതില്‍ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ. സുധീര്‍ഖാനും വിമര്‍ശനം ഉന്നയിച്ചിരുന്നു.






