
ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്‌നാട് പൂർണ്ണമായും പശ്ചിമ ബംഗാൾ ഭാഗികമായും വിധിയെഴുത്ത് നടത്തി. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 82.24 ശതമാനവും പശ്ചിമ ബംഗാളിൽ 89.93 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിവരെയാണ് പോളിങ്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഇനിയും കൂടും.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുടുംബസമേതം ചെന്നൈയിലും ടി വി കെ അധ്യക്ഷൻ വിജയ് നീലാങ്കരയിലും എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്തു. 2011 ലെ സർവകാല റെക്കോഡും കടന്നാണ് തമിഴ്നാട്ടിലെ പോളിംഗ് കുതിപ്പ്. പശ്ചിമബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 6 മണിവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പിനിടയിലും ബംഗാളിലെ പലമേഖലകളിലും സംഘർഷമുണ്ടായി. പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും.
കൂച്ച്ബിഹാർ ബിർഭം മുർഷിദാബാദ് ജൽപായ്ഗുരി എന്നിവിടങ്ങളിലും 90ന് മുകളിൽ കടന്നിട്ടുണ്ട്. എസ്‌ഐആർ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടർമാരുടെ പങ്കാളിത്തം ഉയർന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. വോട്ടെണ്ണൽ മെയ് 4 ന് നടക്കും.






