
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍വില വര്‍ധിപ്പിക്കാന്‍ യാതൊരു ആലോചനയുമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ ഇന്ധനവില ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തള്ളി.
തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ധനവില കുത്തനെ കൂട്ടുമെന്ന വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും മന്ത്രാലയം എക്‌സില്‍ പങ്കുവച്ച പോസ്‌റ്റില്‍ വ്യക്‌തമാക്കി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിനു മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ വലിയൊരു വിലവര്‍ധന അനിവാര്യമാണെന്നായിരുന്നു കൊട്ടക് ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടിയത്.ഈ റിപ്പോര്‍ട്ടാണു കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തള്ളിക്കളഞ്ഞത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം തടസപ്പെട്ടത് ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചെങ്കിലും ഇന്ത്യയിലെ ഉപയോക്‌താക്കളെ ഇതില്‍നിന്നു സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പെട്രോള്‍, ഡീസല്‍വില വര്‍ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും പൊതുമേഖലാ എണ്ണക്കമ്പനികളുമായി സഹകരിച്ച് വിലക്കയറ്റം തടയാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു. നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ജനങ്ങള്‍ ഔദ്യോഗിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ പോര്‍ട്ടലുകളെ മാത്രം ആശ്രയിക്കണമെന്ന് മന്ത്രാലയം എക്‌സില്‍ കുറിച്ചു.






