
ഇന്ത്യയിലെ ട്രെയിൻ യാത്രകൾ കേവലം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രകൾ മാത്രമല്ല, അവ കുടുംബബന്ധങ്ങളുടെയും ഒത്തുചേരലുകളുടെയും വേദി കൂടിയാണ്. ജനലിലൂടെ പുറംകാഴ്ചകൾ കണ്ടും ലഘുഭക്ഷണം കഴിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമുള്ള ഈ യാത്രകൾക്ക് ഭാരതീയരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദീർഘദൂര രാത്രിയാത്രകളിൽ, ട്രെയിനിന്റെ താളാത്മകമായ ചലനങ്ങൾക്കിടയിൽ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ഏറെ മനോഹരമാണ്.
ട്രെയിൻ യാത്രകളിൽ മിക്കവരും സ്വന്തം വീട്ടിൽ നിന്നുണ്ടാക്കിയ ഭക്ഷണം കരുതാനാണ് ആഗ്രഹിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാൻ പൂരി മസാലയോ, ആലു പറാത്തയോ, സാൻഡ്വിച്ചുകളോ ഒക്കെ വൃത്തിയായി പൊതിഞ്ഞു കെട്ടി യാത്രികർ കൈയിൽ കരുതാറുണ്ട്. എന്നാൽ, സാധാരണയായി കാണാറുള്ള ഇത്തരം പൊതിച്ചോറുകളിൽ നിന്നും വ്യത്യസ്തമായി ഒരു കുക്കർ തന്നെ ട്രെയിനിൽ എത്തിച്ച അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്.
അഷ്രിത എന്ന യുവതി പങ്കുവെച്ച വീഡിയോയിൽ, ട്രെയിനിലെ സീറ്റിലിരുന്ന് കുക്കർ തുറന്ന് മക്കൾക്ക് ചൂടോടെ പുലാവ് വിളമ്പുന്ന അമ്മയെ കാണാം. "ഇന്ത്യയിലെ അമ്മമാർ ഇങ്ങനെയാണ്" എന്ന ക്യാപ്ഷനോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. രാത്രിയിലാണ് യാത്രയെന്ന് അമ്മയോട് പറഞ്ഞതേ ഓർമയുള്ളൂവെന്നും, ഉടൻ തന്നെ അമ്മ ഒരു കുക്കർ നിറയെ പുലാവ് തയ്യാറാക്കി കൂടെ അയക്കുകയായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
വീഡിയോ വൈറലായതോടെ അമ്മയുടെ സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഇങ്ങനെ ഒരു അമ്മയെ ലഭിച്ച നിങ്ങൾ ഭാഗ്യവാന്മാരാണെന്നും, സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തോടുള്ള വിശ്വാസമില്ലായ്മ കാരണം ട്രെയിനിൽ പട്ടിണി കിടക്കാറുള്ള തനിക്ക് ഈ കാഴ്ച ഏറെ സന്തോഷം നൽകുന്നുവെന്നും ഒരാൾ കുറിച്ചു. മാതൃസ്നേഹത്തിന്റെ വറ്റാത്ത കരുതലിന് ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കൊച്ചു വീഡിയോ.






