
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ‘നരകക്കുഴി’ പരാമർശത്തിന് മറുപടിയുമായി ഇറാൻ രംഗത്ത്. “ഒരിക്കൽ ഇന്ത്യയിൽ വന്നിട്ട് സംസാരിക്കൂ” ("കഭി ഇന്ത്യ ആ കെ ദേഖോ, ഫിർ ബോൽനാ") എന്നും ട്രമ്പിന് ഒരു “സാംസ്കാരിക ഡിറ്റോക്സ്” ആവശ്യമാണെന്നും മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സാമൂഹിക മാധ്യമമായ എക്സിലൂടെ പറഞ്ഞു.
ഡൊണാൾഡ് ട്രമ്പിനെ പരിഹസിക്കുന്ന പോസ്റ്റിൽ മഹാരാഷ്ട്രയുടെ സമ്പന്നമായ പൈതൃകം വ്യക്തമാക്കുന്ന ഒരു വീഡിയോയും പങ്കുവയ്ക്കുന്നുണ്ട്. ട്രമ്പിന് ആരെങ്കിലും ഒരു ‘വൺ-വേ സാംസ്കാരിക ഡിറ്റോക്സ്’ ബുക്ക് ചെയ്യണം. അത് ഇത്തരം അനാവശ്യ സംസാരങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും പോസ്റ്റിൽ പരിഹസിക്കുന്നു. ഇന്ത്യയിൽ എത്തി കാര്യങ്ങൾ മനസ്സിലാക്കുന്നത് വരെ തുടരട്ടെ എന്നായിരിക്കും ‘വൺ-വേ സാംസ്കാരിക ഡിറ്റോക്സ്’ കോൺസുലേറ്റ് ജനറൽ അർത്ഥമാക്കുന്നത്.
ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വത്തെ വിമർശിച്ചുകൊണ്ട് അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജ് പുറത്തുവിട്ട കുറിപ്പ് ‘ട്രൂത്ത് സോഷ്യൽ’ പ്ളാറ്റ്ഫോമിൽ ട്രമ്പ് റീപോസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിൽ ജനിക്കുന്ന ഒരു കുട്ടി പെട്ടെന്ന് തന്നെ പൗരനായി മാറുന്നു. പിന്നീട്, അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഭൂമിയിലെ മറ്റേതെങ്കിലും നരകക്കുഴിയിൽ നിന്നോ തങ്ങളുടെ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരുന്നു എന്നും വിദ്വേഷകരമായ പോസ്റ്റിൽ പറഞ്ഞിരുന്നു.






