
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രമുഖരായ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടിയിലേക്ക് വന്നതിനു പിന്നാലെ കെജ്രിവാളിനെതിരെ വിമർശനം കടുപ്പിച്ച് ബിജെപി. ലോധി എസ്റ്റേറ്റിലെ ബംഗ്ലാവിലേക്ക് താമസം മാറിയ അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ട് ഡൽഹി മന്ത്രി പർവേഷ് വർമ്മ രംഗത്തെത്തി. കെജ്രിവാളിനെ ‘ഡൽഹിയുടെ റഹ്മാൻ കൊള്ളക്കാരൻ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ലളിത ജീവിതമെന്ന കെജ്രിവാളിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു.
കെജ്രിവാളിന്റെ ലളിത ജീവിതം വെറും അവകാശവാദം മാത്രമാണെന്ന് പരിഹസിച്ച പർവേഷ് വർമ്മ, 'ധുരന്ധർ' എന്ന സിനിമയെ പരാമർശിച്ചാണ് വിമർശനം ഉന്നയിച്ചത്. അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ 'റഹ്മാൻ കൊള്ളക്കാരൻ' ആണ്. ഇന്ന് 'ധുരന്ധർ' എന്ന സിനിമയുടെ രണ്ടാം ഭാഗം പോലെ 'ശീഷ്മഹലിന്റെ' രണ്ടാം ഭാഗം എത്തിയിരിക്കുന്നു. അദ്ദേഹം 95 ലോധി എസ്റ്റേറ്റിലേക്ക് മാറിയ വിവരം ഇന്നലെയാണ് ഞങ്ങൾ അറിഞ്ഞത്. അതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ലളിതമായി ജീവിക്കുമെന്ന് പറഞ്ഞയാൾ ഇന്ന് ആഡംബരത്തിലാണ് കഴിയുന്നത് എന്നും പർവേഷ് വർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെജ്രിവാളിന്റെ പുതിയ താമസ സ്ഥലത്തിന്റെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
കേന്ദ്ര സർക്കാർ അനുവദിച്ച 95 ലോധി എസ്റ്റേറ്റിലെ ടൈപ്പ്-ഏഴ് സർക്കാർ ബംഗ്ലാവിലേക്ക് കെജ്രിവാൾ വെള്ളിയാഴ്ച മാറിയതിന് പിന്നാലെയാണ് വർമ്മയുടെ പരാമർശങ്ങൾ.
പാർട്ടിയുടെ ദേശീയ കൺവീനർ എന്ന നിലയിലാണ് കേന്ദ്ര സർക്കാർ താമസം അനുവദിച്ചതെന്ന് കെജ്രിവാൾ എക്സിലെ പോസ്റ്റിൽ പറഞ്ഞു. കുടുംബത്തോടൊപ്പമാണ് പുതിയ വീട്ടിലേക്ക് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിജെപിയുടെ വിമർശനങ്ങൾക്ക് ആം ആദ്മി പാർട്ടി ശക്തമായ മറുപടി നൽകി. മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് തെറ്റായ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് എഎപി ആരോപിച്ചു. പർവേഷ് വർമ്മ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച ചിത്രങ്ങൾ കെജ്രിവാളിന്റെ പുതിയ വീടിന്റേതല്ലെന്ന് പാർട്ടി അവകാശപ്പെട്ടു.






