
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ നടന്ന വെടിവെപ്പ് ഇറാനുമായുള്ള യുദ്ധം വിജയിക്കുന്നതിന് തടസ്സമാവില്ലെന്ന് ഡൊണാൾഡ് ട്രംപ്. താൻ യുദ്ധത്തിൽ നിന്ന് പിമാറില്ല എന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഏകദേശം രണ്ട് മാസമായി തുടരുന്ന സംഘർഷവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധത്തിൽ വിജയിക്കുന്നതിൽ നിന്ന് ഇത് തന്നെ പിന്തിരിപ്പിക്കില്ല. സംഭവത്തിന് ഇറാൻ യുദ്ധവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല. എന്നാൽ, ഒന്നും നമുക്ക് പറയാനാകില്ല. നിലവിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി അങ്ങനെ കരുതുന്നുമില്ല എന്നും ട്രംപ് പറഞ്ഞു.
അക്രമത്തിൽ പിടിയിലായ 31-കാരനായ കോൾ തോമസ് അലൻ ഒരു ഒറ്റപ്പെട്ട ആക്രമണകാരിയാണ്. ഇയാൾ ഒന്നിലധികം ആയുധങ്ങളുമായി സുരക്ഷാ ചെക്ക്പോയന്റിലേക്ക് കടന്നു കയറുകയായിരുന്നു. അക്രമി ഏകദേശം 50 വാര അകലെയായിരുന്നു. ഇയാൾ ഒരു സീക്രട്ട് സർവീസ് ഏജന്റിന് നേരെ വെടിയുതിർത്തെന്നും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്ളതിനാൽ ഏജന്റ് രക്ഷപ്പെട്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ആക്രമണത്തിന് ഒരു മുന്നറിയിപ്പിന്റെ രീതിയാണുള്ളതെന്നും കൊലപാതകം നടത്താൻ ഉദ്ദേശ്യം ഇല്ലായിരുന്നു എന്നുമാണ് വിദഗ്ധർ വിശകലനം നടത്തുന്നത്. ആഭ്യന്തരമായും അന്താരാഷ്ട്രപരമായുമുള്ള അശാന്തിയിൽ നിന്ന് ഉണ്ടായ അതൃപ്തിയാവാം കാരണമെന്നും ഇവർ കരുതുന്നു.






