
സിംഗപ്പൂരില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റ് യാത്രക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളാല്‍ വിമാനം നിറഞ്ഞിരുന്നു. എത്രപേര്‍ വോട്ട് ചെയ്യാന്‍ മാത്രമായി വരുന്നുണ്ടെന്ന ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്റെ ചോദ്യത്തിന് മിക്കവരും കൈകളുയര്‍ത്തി ആവേശം പ്രകടിപ്പിച്ചു.
വോട്ട് ചെയ്യുന്നത് അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്ന് തമിഴില്‍ സംസാരിച്ചുകൊണ്ട് പൈലറ്റ് യാത്രക്കാരെ ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ തിരഞ്ഞെടുപ്പാണ് അടുത്ത അഞ്ച് വര്‍ഷം നാടിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. പൗരധര്‍മ്മത്തെ ഓര്‍മ്മിപ്പിക്കുന്ന പൈലറ്റിന്റെ ഈ നടപടിയെ യാത്രക്കാര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.
'വോട്ട് ചെയ്യേണ്ട ദിവസം നിങ്ങള്‍ മൗനം പാലിക്കുകയാണെങ്കില്‍ ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് പരാതി പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല' എന്ന കുറിപ്പോടെയാണ് പൈലറ്റ് ഈ വീഡിയോ പങ്കുവെച്ചത്. ഉത്തരവാദിത്തമുള്ള വോട്ടിംഗിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് ഈ പോസ്റ്റെന്നും രാഷ്ട്രീയപരമായ ചായ്വുകള് ഇതിനില്ലെന്നും അദ്ദേഹം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ദൂരസ്ഥലങ്ങളില്‍ നിന്ന് വോട്ട് ചെയ്യാനായി എത്തുന്ന പ്രവാസികളുടെ അര്‍പ്പണബോധത്തെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് പ്രശംസിച്ചു. വിമാനത്തിലും ട്രെയിനിലും മറ്റും പണം ചെലവാക്കി വോട്ട് ചെയ്യാനെത്തുന്ന ജനങ്ങളുടെ ഈ താല്പര്യം രാഷ്ട്രീയക്കാര്‍ തിരിച്ചറിയണമെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ഉപയോക്താക്കള്‍ പ്രതികരിച്ചു. ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്ക് ഈ വീഡിയോ വലിയ പ്രചോദനമായി.






