
വാഷിംഗ്ടൺ: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തർക്കായി നടത്തിയ അത്താഴവിരുന്നിൽ വെടിയുതിർത്ത കോൾ ടോമസ് അലനെതിരെ യുഎസ് കോടതി കുറ്റം ചുമത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിനായി ഇയാൾ ആഴ്ചകളോളം തയ്യാറെടുപ്പുകൾ നടത്തിയതായി ഫെഡറൽ അധികൃതർ ആരോപിക്കുന്നു. വെടിവെപ്പ് ഉണ്ടായതോടെ ട്രംപിനെ സുരക്ഷിതമായി സ്റ്റേജിൽ നിന്ന് മാറ്റുന്നതും അതിഥികൾ മേശകൾക്ക് താഴെ അഭയം പ്രാപിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ട അലന്, കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ്ശിക്ഷ വരെ ലഭിക്കാം.
ആഴ്ചകൾക്ക് മുമ്പേ അലൻ ഈ ആക്രമണം ആസൂത്രണം ചെയ്തിരുന്നു. കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ നിലനിൽക്കെത്തന്നെ, ഏപ്രിൽ 6-ന് ഇയാൾ വിരുന്ന് നടക്കുന്ന വാഷിംഗ്ടൺ ഹോട്ടലിൽ മുറി ബുക്ക് ചെയ്തതായി അധികൃതർ പറയുന്നു. തുടർന്ന്, കാലിഫോർണിയയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്ത്, പരിപാടിക്ക് ഒരു ദിവസം മുമ്പ് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ എത്തി.
വിരുന്ന് ആരംഭിച്ച ഉടൻ തന്നെ, ടോറൻസ് സ്വദേശിയായ 31-കാരൻ ബോൾറൂമിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇത് അവിടെയുണ്ടായിരുന്ന സീക്രട്ട് സർവീസ് ഏജന്റുമാരുമായുള്ള ഏറ്റുമുട്ടലിന് കാരണമായി എന്നും എഫ്ബിഐ അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം വാങ്ങിയ 12-ഗേജ് പമ്പ് ആക്ഷൻ ഷോട്ട്ഗണും, 2023-ൽ വാങ്ങിയ 0.38 കാലിബർ സെമി-ഓട്ടോമാറ്റിക് പിസ്റ്റളും ഇയാളുടെ കൈവശമുണ്ടായിരുന്നു എന്നും ഏജൻസി കോടതിയെ അറിയിച്ചു.
അറസ്റ്റിന് ശേഷം മൗനം പാലിക്കാനുള്ള തന്റെ ഭരണഘടനാപരമായ അവകാശം അലൻ വിനിയോഗിച്ചു. എങ്കിലും, ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങൾക്കും മുൻ തൊഴിലുടമയ്ക്കും ഇയാൾ അയച്ച ഇമെയിൽ ആക്രമണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സൂചനകൾ നൽകുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ സന്ദേശത്തിൽ തന്നെത്തന്നെ ഒരു "ഫ്രണ്ട്ലി ഫെഡറൽ അസ്സാസിൻ" (സൗഹൃദപരമായ ഫെഡറൽ കൊലയാളി) എന്ന് വിശേഷിപ്പിച്ച അലൻ, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും മാപ്പ് ചോദിക്കുന്നതിനൊപ്പം തന്റെ പ്രവൃത്തിയെ ന്യായീകരിക്കാനും ഇയാൾ ഇമെയിലിലൂടെ ശ്രമിച്ചിട്ടുണ്ട്.






