
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മുഖ്യമന്ത്രി തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിലും കളമശ്ശേരി സയന്‍സ് പാര്ക്കിന് സമീപവും പ്രത്യക്ഷപ്പെട്ടു.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി' എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍, അമിതമായ പി.ആര്. വര്‍ക്കിലൂടെ മുഖ്യമന്ത്രിയാകാനാണ് വി.ഡി. സതീശന് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ചുകൊണ്ട് സതീശന് നടത്തുന്ന നീക്കങ്ങള്‍ വിലപ്പോകില്ലെന്നും മുന്നറിയിപ്പുണ്ട്.
പി.ആര്. പണികള്‍ അവസാനിപ്പിക്കണമെന്നും, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള അധികാരം എ.ഐ.സി.സി ഹൈക്കമാന്‍ഡിനാണെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നു. 'കോണ്‍ഗ്രസ് ഫാമിലി' എന്ന പേര് ഉപയോഗിച്ചതിലൂടെ രമേശ് ചെന്നിത്തലയുടെ വിഭാഗമാണോ ബോര്‍ഡിന് പിന്നിലെന്ന് സതീശന് പക്ഷക്കാര്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് പ്രാദേശിക നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന നിര്‍ണ്ണായക ഘട്ടത്തില്‍ ഇത്തരം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് വി.ഡി. സതീശന്റെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.






