
കോഴിക്കോട്: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഫ്ലക്സ് യുദ്ധവും തുടരുന്നതിനിടയില്‍ വി.ഡി. സതീശനായി കോഴിക്കോട്ടും മലപ്പുറത്തും പ്രചാരണം. വി.ഡി. സതീശനെ അനുകൂലിച്ച് കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം ഫ്ളക്സ് ഉയര്‍ന്നു. 'നിയുക്ത മുഖ്യമന്ത്രി' എന്നും 'നിലപാടുകളുടെ രാജകുമാരന്' എന്നുമെല്ലാം എഴുതിയ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'സേവ് കോണ്‍ഗ്രസ് ഫോറം' എന്ന പേരില്‍ കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം സ്ഥാപിച്ച ഫ്ലക്സിലെ വാചകങ്ങള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങേണ്ടത് ക്യാപ്റ്റനാണ്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും' എന്ന വാചകത്തിലുള്ള ഫ്ളക്സാണ് ഉയര്‍ന്നിരിക്കുന്നത്. സതീശനെ 'നിലപാടുകളുടെ രാജകുമാരന്' എന്നും 'മതേതര കേരളത്തിന്റെ വാഗ്ദാനം' എന്നും വിശേഷിപ്പിക്കുന്ന ഫ്ളക്സുമുണ്ട്. മലപ്പുറത്ത് അദ്ദേഹത്തെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചും ബോര്‍ഡുകളുണ്ട്.
ഭാവി മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള പരസ്യപ്രസ്താവനകള്‍ കെപിസിസി നേതൃത്വം കര്‍ശനമായി വിലക്കിയിട്ടുണ്ടെങ്കിലും അണികള്‍ക്കിടയിലെ 'ഫ്ലക്സ് പോര്' ശക്തമാകുന്നു. വി.ഡി. സതീശനെ പിന്തുണച്ചും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും വിവിധയിടങ്ങളില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുകൊണ്ടുവന്നു.
ഫ്ളക്സ് ബോര്‍ഡുകളിലൂടെ സതീശനെ ക്യാപ്റ്റനായി ഉയര്‍ത്തിക്കാട്ടാനാണ് അണികളുടെ ശ്രമം. അതേസമയം എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ വി.ഡി. സതീശനെ വിമര്‍ശിച്ചും രമേശ് ചെന്നിത്തലയെ പിന്തുണച്ചുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിമാറ്റിയിട്ടുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടാനാണ് നീക്കമെന്ന് സൂചനകളുണ്ട്.






