
കൊച്ചി : സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ത്വക്കില്‍ അര്‍ബുദത്തിനുവരെ കാരണമായേക്കാം. ഏതാനും നാളുകളായി യു.വി. വികിരണ തോത് ഉയര്‍ന്നനിലയിലാണ്. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് യു.വി. ഉയര്ന്നുനില്ക്കുന്നത്.
സൂര്യരശ്മി ലംബമായി പതിക്കുന്ന ഉച്ചനേരത്ത് വികിരണത്തോത് കൂടുതലാണ്. ഒന്നു മുതല്‍ 11 വരെയുള്ള സ്കെയിലിലാണ് രാജ്യാന്തര തലത്തില്‍ യു.വി. ഇന്‍ഡക്സ് രേഖപ്പെടുത്തുന്നത്. ഇതില്‍ യു.വി. ഒന്നും രണ്ടും സൂചികകളിലാണെങ്കില് ശരീരത്തിന് സംരക്ഷണം ആവശ്യമില്ല. മൂന്നുമുതല്‍ അഞ്ചുവരെ യെല്ലോ അലെര്‍ട്ടാണ്. ആറും ഏഴും കുറേക്കൂടി വില്ലനാകും. എട്ടുമുതല്‍ പത്തുവരെ ഓറഞ്ച് അലെര്‍ട്ടാണ്.
ഈ നേരം അതിശക്തമായ സംരക്ഷണമാണ് വേണ്ടത്. 11 ലേക്ക് കടന്നാല്‍ കാര്യമായ ക്ഷതമേല്‍ക്കാം. അതുകൊണ്ട് അതീവ സുരക്ഷതന്നെ സ്വീകരിക്കണം. പ്രകാശത്തെപ്പോലെ അള്‍ട്രാവയലറ്റ് വികിരണങ്ങളെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയില്ല. സൂര്യനില്‍നിന്നും എത്തുന്ന യു.വി.രശ്മികള്‍ രണ്ട് തരമുണ്ട്. ഒന്ന് സണ്‍ബേണ്‍ ഉണ്ടാക്കുന്നതും ( യു.വി.ബി), മറ്റൊന്ന് ദീര്‍ഘകാല ത്വക്ക് നാശവുമായി ബന്ധപ്പെട്ടതുമാണ് (യു.വി.എ).
തൊലിക്കു ക്ഷതം
ദേഹത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചുണ്ടാകുന്ന അവസ്ഥയെ സണ്‍ബേണ്‍ എന്ന് വിളിക്കും. പപ്പടം കുമിളയ്ക്കുന്നതുപോലെയാകും തൊലിപ്പുറം. ചുവന്നു തിണര്‍ക്കും. തൊലിയുടെ ഉള്ളിലേക്ക് ആഴത്തില്‍ യു.വി. ക്ഷതമേല്പ്പിക്കാന് ഇടയായാല്‍ കോശങ്ങളിലെ ഡി.എന്‍.എയില്‍ കേടുപാടുകളുണ്ടാക്കാം. അപൂര്‍വമായെങ്കിലും തൊലിപ്പുറമേ ക്യാന്‍സറിനു പോലും കാരണമാകാമെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ. രാജീവ് ജയദേവന് പറഞ്ഞു.
പ്രതിരോധം
വെയില് ഏല്ക്കുന്ന ഭാഗങ്ങള്‍ മറയ്ക്കുക എന്നതാണ് പ്രധാനം. കുടയോ തൊപ്പിയോ ധരിക്കുക. നേരിട്ട് സൂര്യരശ്മി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കവിളുകള്‍, നെറ്റി, മൂക്ക്, ചെവിയുടെ പിന്‍ഭാഗം, കാല്‍പ്പാദത്തിന്റെ മുകള്‍ എന്നീ ഭാഗങ്ങളില്‍ സണ്‍സ്ക്രീന്‍ പുരട്ടുന്നത് ഉചിതമായിരിക്കും. 30-50 എസ്.പി.എഫ്. സണ്‍സ്ക്രീന്‍ അള്‍ട്രാവയലറ്റിനെ പ്രതിരോധിക്കും. വെയില് ഏല്ക്കുന്ന ഇടങ്ങളിലേക്ക് പോകുന്നതിന് 15-20 മിനിറ്റ് മുമ്പ് പുരട്ടണം. 23 മണിക്കൂറിന് ശേഷമോ അല്ലെങ്കില്‍ വിയര്‍പ്പില്‍ സണ്‍സ്ക്രീന്‍ ഒലിച്ചു പോയാലോ വീണ്ടും പുരട്ടണം.






