
ജിമ്മില്‍ അമിതമായി വ്യായാമം ചെയ്തതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നഴ്സായ അമ്മ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഓം ഭോയാറാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നത്. മണിക്കൂറുകളോളം നീണ്ട ഡെഡ് ലിഫ്റ്റ് വ്യായാമത്തിന് ശേഷം വീട്ടിലെത്തിയ ഉടന്‍ ഓം കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ അമ്മയുടെ സമയോചിതമായ ഇടപെടല്‍ യുവാവിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നു.
വ്യായാമ ശേഷം മകന് തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ആരതി ഭോയാര്‍ മകന്റെ ശാരീരികാവസ്ഥ കണ്ട് അപകടം തിരിച്ചറിയുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അവര്‍ ഒട്ടും വൈകാതെ മകനെ ആശുപത്രിയിലെത്തിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന ആദ്യത്തെ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെയുള്ള 'ഗോള്‍ഡന്‍ അവര്‍' കൃത്യമായി വിനിയോഗിച്ചതാണ് ഓമിന് തുണയായത്.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഓമിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുകയും ചെയ്തു. വിദഗ്ധമായ ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 21-ന് ആശുപത്രി വിട്ട ഓം ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്.
സ്വന്തം ശാരീരിക ശേഷിക്ക് അപ്പുറമോ വിദഗ്ധ മേല്‍നോട്ടമില്ലാതെയോ അമിതമായി വ്യായാമം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി പക്ഷാഘാതമുണ്ടാകാന് ഇത്തരം പ്രവര്‍ത്തികള്‍ കാരണമായേക്കാം. എന്നാല്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.






