
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വീടിന്റെ വാതില്‍ പൂട്ടാന്‍ മറന്നുപോയ യുവതിയുടെയും അവരുടെ വീടിന് കാവല്‍ നിന്ന ഡെലിവറി ബോയിയുടെയും ഹൃദ്യമായ വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്. ദിവ്യ എന്ന യുവതിയാണ് സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ അംജദ് അന്‍സാരി എന്ന യുവാവ് തന്റെ വീടിന് സംരക്ഷണമൊരുക്കിയ വിവരം പങ്കുവെച്ചത്. ജോലിക്കപ്പുറം മനുഷ്യത്വപരമായ ഇടപെടല്‍ നടത്തിയ അംജദിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നെറ്റിസണ്‍സ്.
പാഴ്സല്‍ നല്‍കാനെത്തിയ അംജദ് വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. വേണമെങ്കില്‍ പാഴ്സല്‍ പുറത്തുവെച്ച് പോകാന്‍ കഴിയുമായിരുന്നിട്ടും, അദ്ദേഹം അത് സുരക്ഷിതമായി വീടിനുള്ളിലെ മേശപ്പുറത്ത് വെച്ചു. അവിടെയുള്ള വളര്‍ത്തുപൂച്ച പുറത്തേക്ക് ഓടിപ്പോകാനുള്ള സാധ്യതയും മോഷണഭീഷണിയും കണക്കിലെടുത്ത് വീട്ടുടമസ്ഥ വരുന്നത് വരെ അദ്ദേഹം കാവല്‍ നില്‍ക്കുകയായിരുന്നു.
വാതില്‍ തുറന്നുകിടക്കുന്ന വിവരം അംജദ് ഫോണിലൂടെ യുവതിയെ വിളിച്ചറിയിക്കുകയും അവര്‍ എത്തുന്നതുവരെ അവിടെ തന്നെ തുടരുകയും ചെയ്തു. ഡെലിവറി കമ്പനി അംജദിന് അര്‍ഹമായ ശമ്പളവര്‍ദ്ധനവും അംഗീകാരവും നല്‍കണമെന്ന് ദിവ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സത്യസന്ധതയും ധാര്‍മ്മികതയുമുള്ള ഇതുപോലെയുള്ള മനുഷ്യരാണ് ലോകത്തെ മികച്ച ഒരിടമാക്കി മാറ്റുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗഹൃദവും സുരക്ഷയും നിറഞ്ഞ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേര് കണ്ടുകഴിഞ്ഞു. അംജദിന്റെ സഹായമനസ്കതയെ പ്രശംസിച്ച് കൊണ്ട് ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'ഇത്തരത്തിലുള്ള മനുഷ്യരെയാണ് നമുക്ക് ആവശ്യം' എന്നും 'എത്ര ഹൃദ്യമായ ദൃശ്യം' എന്നുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയക്ക് താഴെ വന്നെത്തുന്നത്.






