
തിരുവനന്തപുരം: സൈനികക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് ഐ.എ.എസിന് സസ്പെന്ഷന്. അഖിലേന്ത്യ സിവില്‍ സര്‍വീസ് റൂള്‍സ് പ്രകാരമാണ് അച്ചടക്ക നടപടി. വളരെ അപൂര്‍വമായിട്ടാണ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്പെന്ഷന് ഉണ്ടാകുന്നത്. കടുത്ത സര്‍ക്കാര്‍ വിമര്‍ശകനായിരുന്ന അദ്ദേഹം മുമ്പും ഇതിന്റെ പേരില്‍ വിവാദതത്തില്‍ തലയിട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാരിനെതിരേ നേരത്തേ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ട്രിബ്യൂണല്‍ ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ അന്ന് കോടതി റദ്ദാക്കി.
പുതിയ സര്‍ക്കാര്‍ വരാനിരിക്കെ വോട്ടെടുപ്പിന് മുമ്പ് തുടര്‍ഭരണത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ലേഖനം എഴുതിയത് ബി അശോകിനെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. തുടര്‍ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സുതാര്യമായ ജനാധിപത്യത്തിന് വോട്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും പറഞ്ഞിരുന്നു. വികസനം എല്ലാവര്ക്കും ലഭ്യമാക്കാന്‍ സുതാര്യമായ ഭരണകൂടം ആവശ്യമാണ് തുടങ്ങിയവയാണ് ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നത്. ഫാസിസ്റ്റ് മനോഭാവം വോട്ടര്‍മാര്‍ ചെറുത്താല്‍ മാത്രമേ ജനാധിപത്യ സംസ്കാരം സംസ്ഥാനത്ത് വേരുറപ്പിക്കൂ എന്നും പറഞ്ഞിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും ലേഖനത്തിന്റെ അവസാനത്തില്‍ അശോക് പറയുന്നുണ്ട്.
സൈബര്‍ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങള്‍ അടയ്ക്കുക എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തില്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം. മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്യുന്ന വിധം ഇതെല്ലം പറഞ്ഞുകൊണ്ടാണ് ഫാസിസം കടന്നുവരുന്ന വഴികളെ പറ്റി അദ്ദേഹം വിമര്‍ശിച്ചത്. ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ചിരുന്നു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായിരിക്കെയാണ് ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്.






