ആലപ്പുഴ: ഭാര്യാമാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. കൊല്ലം ഇടവ എട്ടാംവാര്‍ഡ് പൂച്ചെടി പണയില്‍ മനോജ് കൃഷ്ണനെ (30) യാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. പ്രതി ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.
മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വരകാടി വെളിയില്‍ ബിജു (48) വിനെയാണ് പ്രതി വടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. 2024 ജൂലൈ എട്ടിനാണു സംഭവം. ബിജുവും മനോജ് കൃഷ്ണനും സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ബിജുവിന്റെ രണ്ടാംഭാര്യയുടെ മകളെ മനോജ് പ്രണയിച്ചു വിവാഹം കഴിച്ചു. ഇതിന്റെ പകയിലായിരുന്നു കൊലപാതകമെന്നാണു കണ്ടെത്തല്‍. ഈ വിവാഹത്തെ ബിജു എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇയാളുമായി മനോജ് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. സംഭവദിവസം ബിജുവും കുടുംബവും എറണാകുളത്തുനിന്ന് കലവൂരിലേക്കു വരാന്‍ ട്രെയിനില്‍ കയറിയിരുന്നു.
ഇതിനിടെ മനോജ് ആവശ്യപ്പെട്ടതനുസരിച്ച് ബിജു മാരാരിക്കുളത്ത് ഇറങ്ങി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും വീട്ടിലെത്തിയശേഷം പ്രതി ബിജുവിനെ ആക്രമിക്കുകയായിരുന്നു.
ബിജുവിന്റെ ഭാര്യ ലത മക്കള്‍ക്കൊപ്പം വീട്ടിലെത്തിയപ്പോള്‍ ഇരുവരും ഏറ്റുമുട്ടുന്നതാണു കണ്ടത്. ബിജുവിനെ മനോജ് ചവിട്ടി താഴെയിട്ടെന്നും വടികൊണ്ട് നെഞ്ചില്‍ അടിച്ചെന്നും ലതയും മകളും കോടതിയില്‍ മൊഴിനല്‍കി. അവശനിലയില്‍ കിടന്ന ബിജുവിനെ ആംബുലന്‍സ് വിളിച്ച് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിചാരണത്തടവുകാരനായി പ്രതി തുടരുമ്പോഴാണ് വിധിപ്രസ്താവമുണ്ടായത്. സി.ഐമാരായിരുന്ന എസ്. ശ്രീജിത്ത്, എം.കെ. രാജേഷ് എന്നിവരാണു കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ. ശ്രീമോന്, അഭിഭാഷകരായ നാരായണ്‍, ജി.അശോക് നായര്‍, ദീപ്തി കേശവ് എന്നിവര്‍ ഹാജരായി. കേസില്‍ പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിച്ചു. ബിജുവിന്റെ ഭാര്യ ലതയും മക്കളും പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമവും മോഷണവും ഉള്‍പ്പടെ നിരവധി കേസുകളിലും മനോജ് കൃഷ്ണന് പ്രതിയാണ്.






