
ലക്നൗ: യുപിയിലെ കസഗഞ്ചിൽ മദ്യത്തിൽ ചേർക്കാൻ വെള്ളം എടുക്കാൻ വിസമ്മതിച്ച ഒമ്പത് വയസ്സുകാരനെ വെടിവെച്ചു കൊന്നു! ഒരു പേരിടീൽ ചടങ്ങിനിടെയാണ് ഗ്രാമത്തെയാകമാനം നടുക്കിയ സംഭവം നടന്നത്.
യാകുത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചടങ്ങിൽ അതിഥിയായി എത്തിയ ധനേഷ് യാദവ് എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മദ്യപിക്കുകയായിരുന്ന ധനേഷ് യാദവ്, ഒമ്പത് വയസ്സുകാരനായ യശ്പാലിനോട് വെള്ളം ആവശ്യപ്പെട്ടു. കുട്ടി ഇത് വിസമ്മതിച്ചതോടെ ക്ഷുഭിതനായ പ്രതി തോക്കെടുത്ത് കുട്ടിയുടെ വയറ്റിൽ വെടിവെക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കസഗഞ്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അലിഗഡിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ പ്രതി ധനേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് രാജേഷ് കുമാർ ഭാരതി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.






