
മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേർ ബിരിയാണിയും പിന്നാലെ തണ്ണിമത്തനും കഴിച്ച് മരിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് ആദ്യം കരുതിയിരുന്ന കേസിൽ, വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന സംശയം ബലപ്പെടുന്നു.
അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 26-ന് പുലർച്ചെ വീട്ടിൽ നിന്ന് തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവർ ജെ.ജെ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്.
പ്രാഥമിക ഫോറൻസിക് പരിശോധനയിൽ മരിച്ചവരുടെ ആന്തരാവയവങ്ങളിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടെത്തിയത് ദുരൂഹതയുളവാക്കുന്നു. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവ പച്ചനിറത്തിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഇത്തരത്തിൽ സംഭവിക്കാറില്ലെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ, അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയതും ദൂരൂഹത വർധിപ്പിക്കുന്നു. ശരീരത്തിലുടനീളം വ്യാപിച്ച ഏതെങ്കിലും മാരകമായ വിഷാംശത്തിന്റെ സാന്നിധ്യമാകാം ഈ നിറംമാറ്റത്തിന് കാരണമെന്ന് ഡോക്ടർമാർ സംശയിക്കുന്നു.
ഏപ്രിൽ 25 രാത്രി ദൊകാഡിയയുടെ വീട്ടിൽ ഒരു ഒത്തുചേരൽ നടന്നിരുന്നു. അതിഥികൾ പോയതിനുശേഷം, പുലർച്ചെ ഒരു മണിയോടെയാണ് കുടുംബാംഗങ്ങൾ തണ്ണിമത്തൻ കഴിച്ചത്. തൊട്ടുപിന്നാലെ ഇവർക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
വീട്ടിൽ നിന്ന് ചിക്കൻ ബിരിയാണിയുടെയും തണ്ണിമത്തന്റെയും സാമ്പിളുകൾ എഫ്ഡിഎ ശേഖരിച്ചു. എന്നാൽ, തണ്ണിമത്തൻ വാങ്ങിയ സ്രോതസ്സ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്തെ തെരുവ് കച്ചവടക്കാരെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല എന്നത് സംശയം വർദ്ധിപ്പിക്കുന്നു.
ഭക്ഷണത്തിൽ വിഷാംശമോ മയക്കുമരുന്നോ കലർന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. കൂട്ട ആത്മഹത്യയാണോ അതോ കുടുംബപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയാൻ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
ദൊകാഡിയ 2019-ലെ ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണ്ണായക സാക്ഷിയായിരുന്നു. ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർക്കെതിരെയുള്ള ഈ കേസിന്റെ വിചാരണ 2026-ൽ നടക്കാനിരിക്കുകയാണ്. ഈ കേസും മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും മുംബൈ പോലീസ് പരിശോധിക്കുന്നുണ്ട്.






