
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പോലീസ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിവിധ ജില്ലകളില്‍ കേസെടുത്തിരിക്കുന്നത്. ഇതോടെ പഞ്ചാബില്‍ ശക്തമായ രാഷ്ട്രീയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. ഇത് ആസൂത്രിതമായ 'രാഷ്ട്രീയ പകപോക്കല്‍' ആണെന്ന് ബിജെപിയും ശിരോമണി അകാലിദളും ആരോപിച്ചു.
എതിരാളികളെ ലക്ഷ്യം വെക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പഞ്ചാബ് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് അശ്വനി ശര്‍മ്മ കുറ്റപ്പെടുത്തി. പഞ്ചാബില്‍ ഇപ്പോള്‍ നിയമമില്ല, പകപോക്കല്‍ മാത്രമാണുള്ളത്. സന്ദീപ് പഥക് എഎപി വിട്ട ഉടന്‍ കേസെടുത്തത് കെജ്രിവാളിന്റെയും ഭഗവന്ത് മാന്നിന്റെയും ഭയമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഒരു പോലീസ് സ്റ്റേറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കെജ്രിവാളിന്റെയും മാന്നിന്റെയും വിശ്വസ്തനായിരുന്ന പഥക്കിനെ ഇപ്പോള്‍ മാത്രം ലക്ഷ്യം വെക്കുന്നത് എന്തുകൊണ്ടാണെന്ന് അകാലിദള്‍ ജനറല്‍ സെക്രട്ടറി ബിക്രം സിംഗ് മജിതിയ ചോദിച്ചു.
പാര്‍ട്ടി വിട്ടവര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടി അംഗങ്ങളില്‍ ഒരു വിഭാഗം ഭരണകക്ഷിയായ ബിജെപിയില്‍ ലയിച്ചതിന്റെ ഭാഗമായാണ് പഥക്കും കൂടുമാറിയത്. നിലവില്‍ ഈ ആരോപണങ്ങളോട് ആം ആദ്മി പാര്‍ട്ടിയോ സന്ദീപ് പഥക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






