
മൈസൂരിലെ ഹോസ്റ്റലുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ നടപടിയുമായി കർണാടക സർക്കാർ. ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. മെസ്സിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സ്വീകരിച്ച നടപടികൾ കെ സി വേണുഗോപാലിനെ അറിയിച്ച് ദിനേശ് ഗുണ്ടുറാവു.
കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവന്നത്. ഗ്ലോബൽ എഡ്യുക്കേഷണൽ കൺസൾട്ടൻസി എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്.
കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.






