
ക്യാന്‍സര്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ ഒറ്റപ്പെട്ടുപോയ 24-കാരിയായ ലി എന്ന പെണ്‍കുട്ടിക്ക് അപരിചിതര്‍ കൂട്ടായെത്തിയ വാര്‍ത്തയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്. ഫോഷാന്‍ സ്വദേശിയായ ലി, തന്റെ നാലാം ഘട്ട കീമോതെറാപ്പിക്ക് ശേഷം അനുഭവപ്പെട്ട കഠിനമായ ഏകാന്തത സഹിക്കാനാവാതെയാണ് ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ സഹായം തേടിയത്. 'രണ്ട് മണിക്കൂര്‍ എന്റെ കട്ടിലിനരികില്‍ വന്നിരിക്കാമോ' എന്ന ലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് എത്തിയ ഡെലിവറി ബോയ് ആണ് ഈ സ്നേഹപരമ്പരയ്ക്ക് തുടക്കമിട്ടത്.
വിവരമറിഞ്ഞതോടെ നിരവധി ഡെലിവറി ജീവനക്കാരാണ് ലിയെ കാണാന്‍ ആശുപത്രിയിലെത്തിയത്. ജോലിക്ക് ശേഷമുള്ള ഒഴിവുസമയങ്ങളില്‍ അവര്‍ അവള്‍ക്ക് പുസ്തകങ്ങളും പലഹാരങ്ങളുമായി കൂട്ടിരുന്നു. മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് എത്തിയവര്‍ മുതല്‍ സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് ധൈര്യം പകര്‍ന്ന ക്യാന്‍സര്‍ സര്വൈവര്മാര് വരെ ആ മുറിയില്‍ സ്നേഹത്തിന്റെ തണലൊരുക്കി. മുന്‍പ് തനിക്ക് ലഭിച്ച സഹായങ്ങള്‍ക്ക് പകരമായിട്ടാണ് താന്‍ എത്തിയതെന്നാണ് ദൂരസ്ഥലത്ത് നിന്നെത്തിയ ഒരു യുവാവ് പ്രതികരിച്ചത്.
അപരിചിതരുടെ ഈ അപ്രതീക്ഷിത പിന്തുണ ലിയുടെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് ആശുപത്രി വിട്ട ലി, തന്നെ സഹായിച്ച എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു. ഇത്രയധികം ആളുകള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ലി പറയുന്നു. നിലവില്‍ അടുത്ത ഘട്ട ചികിത്സയ്ക്കായി തയ്യാറെടുക്കുകയാണ് ഈ പെണ്‍കുട്ടി.






