
കലോത്സവ വേദിയില്‍ തിളങ്ങിയ ശേഷം ലാൽ ജോസ് ചിത്രമായ ക്ലാസ്മേറ്റ്സിലൂടെ ജൂനിയർ ആർടിസ്റ്റായി സിനിമയിലെത്തി പിന്നീട് എണ്‍പതിലധികം സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയ താരമാണ് സുബീഷ് സുധി. ലാൽ ജോസ് ചിത്രങ്ങളിലൂടെയും കാരക്ടർ റോളുകളിലൂടെയും ശ്രദ്ധേയനായ സുബീഷ് സുധി ആദ്യമായി പ്രധാന റോളിലെത്തിയ ചിത്രമായിരുന്നു ഒരു ഭാരത സർക്കാർ ഉത്പന്നം.
ഈ സിനിമയിലൂടെ ആദ്യമായി നായകവേഷത്തിലെത്തിയ താരം അടുത്തിടെ ഈ ചിത്രത്തിന്റെ സാമ്പത്തിക പരാജയം തന്നെ തകര്‍ത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. വീട് ജപ്തിയിലാണെന്നും കടക്കാര് മാത്രമാണ് ഇപ്പോള്‍ ഫോണില്‍ വിളിക്കുന്നതെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് പോലും താന്‍ ശ്രമിച്ചെന്നും സുബീഷ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം അതിലൂടെയും തന്റെ അവസ്ഥ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി സുബീഷ് സുധിക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. ഒരു സിനിമ എടുത്ത കാരണം ജീവിതം തന്നെ ചോദ്യ ചിഹ്നമായെന്നും കരയുന്ന ഒരു കലാകാരനെ കണ്ടപ്പോ വല്ലാതെ വേദന തോന്നിയെന്നുമാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്. ആ സിനിമ ഒരിക്കൽ കൂടി റിലീസ് ചെയ്യാൻ നിങ്ങളൊക്കെ ഒന്ന് സഹായിക്കണം എന്ന് ഈ കലാകാരൻ അപേക്ഷിക്കുമ്പോ ഒപ്പം നിൽക്കണമെന്നുമാണ് ഭാഗ്യലക്ഷ്മി കുറിച്ചത്.
‘‘സുധീഷ് സുധി..
എനിക്കിദ്ദേഹത്തെ പരിചയമില്ല. ഇദ്ദേഹം അഭിനയിച്ച സിനിമകൾ കണ്ടിട്ടുണ്ട്. നല്ല നടനാണ്..
പക്ഷെ ഒരു സിനിമ എടുത്ത കാരണം ജീവിതം തന്നെ ചോദ്യ ചിഹ്നമായി.. ആരെങ്കിലും വരുമ്പോ ഒളിച്ചിരിക്കാൻ നോക്കും എന്ന് പറഞ്ഞു കരയുന്ന ഒരു കലാകാരനെ കണ്ടപ്പോ വല്ലാതെ വേദന തോന്നി..ആ സിനിമ ഒരിക്കൽ കൂടി റിലീസ് ചെയ്യാൻ നിങ്ങളൊക്കെ ഒന്ന് സഹായിക്കണം എന്ന് ഈ കലാകാരൻ അപേക്ഷിക്കുമ്പോ നമ്മൾ ഒപ്പം നിൽക്കണം... ഇത്തരത്തിലുള്ള അനുഭവം നേരിട്ട നിരവധി നിർമാതാക്കളെ കണ്ടിട്ടുണ്ട്..
ഇപ്പോഴും കാണുന്നുണ്ട്... മനസ് തളരരുത്... ഒപ്പമുണ്ട് സുധീഷ്....’’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിനു താഴെ സുബീഷിന് അവസ്ഥയില്‍ പരിതപിച്ചും ഈ കലാകാരന്റെ ഒപ്പം നില്‍ക്കണമെന്നും പലരും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
താന്‍ പ്രധാനവേഷത്തിലെത്തിയ ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം തന്നെ സാമ്പത്തികമായി തകർത്തുവെന്ന നടൻ സുബീഷ് സുധിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിർമാണത്തിൽ പങ്കാളിയായ ചിത്രമുണ്ടാക്കിയ ബാധ്യതകാരണം പിടിച്ചുനിൽക്കാൻ കഴിയാതെ രണ്ടുതവണ ആത്മഹത്യയ്ക്കുശ്രമിച്ചതായും ഒടിടി വിൽപനയ്ക്ക് ശ്രമിച്ചപ്പോൾ മുംബൈയിലെ ഏജന്റുമാർ പണം വാങ്ങി കബളിപ്പിച്ചുവെന്നും തന്റെ വീട് ജപ്തിയിലാണെന്നും സുബീഷ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു. പണം നൽകാനുള്ളവരിൽനിന്ന് തന്റെ കുടുംബത്തിന് പോലും ഭീഷണി നേരിടേണ്ടിവരികയാണെന്നും ചിത്രത്തിന്റെ റീ- റിലീസിൽ മാത്രമാണ് പ്രതീക്ഷയെന്നും അതിനായി നല്ലൊരു വിതരണക്കാർ മുന്നോട്ടുവരേണ്ടതുണ്ടെന്നും താരം പറഞ്ഞു.
‘‘റിലീസ് ചെയ്ത സമയം അനുകൂലമായിരുന്നില്ല. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു പോലെയുള്ള പടങ്ങളുണ്ടായിരുന്നു. മാർച്ചിൽ പരീക്ഷകൾ, നോമ്പ് അങ്ങനെ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ഒടിടിയിൽ കച്ചവടമാവുമെന്ന് പ്രതീക്ഷിച്ചു. അതും നടന്നില്ല. ബോംബെയിൽ പോയപ്പോൾ കുറേ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു.
ആ കടം തീർക്കാൻ പല പരിപാടികളും നോക്കി. ഒന്നും നടന്നില്ല. അവസാനം എല്ലാം വഴിമുട്ടിയ അവസ്ഥയിലായി. ബാധ്യതമുഴുവൻ എന്റെ തലയിലായി. പണം തിരികെ കിട്ടാൻ നിർമാതാക്കൾ എന്നെ വല്ലാതെ പീഡിപ്പിച്ചു. എന്നെ മറ്റൊന്നിനും വിടാതെ, ഇതിനുവേണ്ടി മാത്രം നടക്കുന്ന അവസ്ഥവന്നു...’’ എന്നാണ് താരം വെളിപ്പെടുത്തിയത്.






