
നടനും സുഹൃത്തുമായ സന്തോഷ് നായരുടെ വിയോഗത്തില്‍ വേദനയോടെ നടന് റഹ്മാന്. ഒരു ദാരുണമായ വാഹനാപകടത്തില്‍ സന്തോഷ് കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇത്രയധികം താന്‍ ഇതിനുമുമ്പ് അസ്വസ്ഥനായിട്ടില്ലെന്നും റഹ്മാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സ്ക്രീനില്‍ അദ്ദേഹം വില്ലനായിരുന്നുവെങ്കിലും ജീവിതത്തില്‍ നല്ലൊരു മനുഷ്യനും നല്ല സുഹൃത്തുമായിരുന്നുവെന്നും റഹ്മാന് ഓര്‍ത്തെടുത്തു.
‘എന്റെ ഉറ്റ സുഹൃത്ത് സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗവാർത്ത കേട്ടപ്പോൾ വലിയ ദുഃഖവും ആഘാതവുമാണ് തോന്നുന്നത്.ഞങ്ങൾ ചലച്ചിത്ര മേഖലയിൽ ഒരുമിച്ച് വളർന്നവരാണ്. പല സിനിമകളിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. മിക്കപ്പോഴും സിനിമയിൽ ഞങ്ങൾ എതിരാളികളായിരുന്നു. സ്ക്രീനിൽ അദ്ദേഹം എന്റെ വില്ലനായിരുന്നെങ്കിലും, ജീവിതത്തിൽ തികച്ചും ദയാലുവായ ഒരു മനുഷ്യനും നല്ലൊരു സുഹൃത്തുമായിരുന്നു.
ഞങ്ങൾ എപ്പോഴും സംസാരിക്കാറില്ലായിരുന്നെങ്കിലും, ഇടയ്ക്കിടെ ഫോണിലൂടെ ബന്ധപ്പെടുകയും പഴയ നല്ല കാലത്തെ ഓർമ്മകൾ പങ്കുവെക്കാറുമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തോട് എപ്പോഴും ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു, അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല.
"പാക്കപ്പ്" കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു ഞങ്ങളുടെ സൗഹൃദം അതിന്റെ പൂർണ്ണതയിൽ എത്തിയിരുന്നത്. ഹോട്ടല്‍ മുറികളിലിരുന്ന് ടിവി കണ്ടും, ഭക്ഷണം പങ്കുവെച്ചും, നിഷ്കളങ്കമായി ചിരിച്ചും ചെലവഴിച്ച ആ ലളിതമായ സന്തോഷ നിമിഷങ്ങൾ... എന്നും ഞാൻ താലോലിക്കുന്ന മനോഹരമായ വർഷങ്ങളായിരുന്നു അത്.
ഈ വാർത്ത എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഇത്രയധികം മാനസികമായി തകരുന്നത് എനിക്ക് അപൂർവ്വമാണ്.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രിയ സുഹൃത്തേ, നീ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. എന്റെ ആദരാഞ്ജലികൾ’ റഹ്മാന് കുറിച്ചു.
പത്തനംതിട്ട ഏനാത്തു വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായർ മരിച്ചത്. സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. 1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.






