
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരം പിടിച്ചടക്കിയിരിക്കുകയാണ്. വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയ ഈ തിരഞ്ഞെടുപ്പില്‍ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് അസുഗ്രാം മണ്ഡലത്തില്‍ നിന്നും വിജയിച്ച കലിത മാജ്ഹി. മാസത്തില്‍ വെറും 2500 രൂപ മാത്രം വരുമാനമുണ്ടായിരുന്ന ഈ വീട്ടുജോലിക്കാരി, 12,535 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തന്റെ കന്നി വിജയം കുറിച്ചത്.
ഗുസ്കാര മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന കലിത, രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് നാല് വീടുകളിലായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ 2021ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അന്ന് ചെറിയ പരാജയം നേരിട്ടിരുന്നു. എന്നാല്‍ കലിതയ്ക്ക് ജനങ്ങളുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ബിജെപി വീണ്ടും അവസരം നല്‍കുകയായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ക്ക് ഭരണതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നതിന്റെ തെളിവായി കലിതയുടെ വിജയം വിലയിരുത്തപ്പെടുന്നു.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും അധികാരം പിടിക്കാനിറങ്ങിയ തൃണമൂലിന് 15 വര്‍ഷത്തെ ഭരണത്തിന് ശേഷം വന്‍ പരാജയമാണ് ഇത്തവണ നേരിടേണ്ടി വന്നത്. ഭരണവിരുദ്ധ വികാരവും വോട്ട് വിഭജനവും തൃണമൂലിന് തിരിച്ചടിയായപ്പോള്‍, 200ലധികം സീറ്റുകള്‍ നേടി ബിജെപി ആധികാരികമായ വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പോലും കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ വെറും 81 സീറ്റുകളിലൊതുങ്ങി.






