
നടന്‍ സന്തോഷ് കെ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. മിനീസ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു സന്തോഷ് കെ നായര്‍. ഇപ്പോള്‍ നടന്‍ കിഷോര്‍ സത്യ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരത്തുനിന്നും കുടുംബവുമായി വരുന്ന വഴിയില്‍ ഏനാത്ത് വെച്ച് ഒരു ലോറിയും ഇന്നോവ കാറും ആക്‌സിഡന്റ് ആയി കിടക്കുന്നതു കണ്ടിരുന്നുവെന്നും പിന്നീട് ഒരു സുഹൃത്ത് വിളിച്ച് സന്തോഷ് ഏട്ടന്റെ മരണവാര്‍ത്ത പറഞ്ഞപ്പോഴാണ് ആ വഴിയില്‍ കണ്ട അപകടത്തില്‍പ്പെട്ട വണ്ടി അദ്ദേഹത്തിന്റേതാണെന്ന് മനസ്സിലായതെന്നും കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചു.
'' രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോള്‍ ഏനാത്ത് വഴി ഞങ്ങള്‍ കടന്നുപോയി. അപ്പോള്‍ വഴിയില്‍ ഒരു ലോറിയും ഇന്നോവ കാറും ആക്‌സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആള്‍ക്കാര്‍ അവിടെ കൂടിയിരുന്നു കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.
ഏതാണ്ട് 9 മണി ആയപ്പോള്‍ ഒരു സുഹൃത്താണ് നടന്‍ സന്തോഷേട്ടന്‍ അപകടത്തില്‍പ്പെട്ട മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയില്‍ നടന്ന അപകടത്തില്‍ പ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്. ഒത്തിരി സങ്കടം വന്നു. കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയില്‍ ഒരു മികച്ച വേഷത്തില്‍ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയില്‍ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കല്‍ കൂടെ നമ്മെ വേദനിപ്പിച്ചു. ആദരാഞ്ജലികള്‍'', കിഷോര്‍ സത്യ പറഞ്ഞു.
ഇന്നലെ രാവിലെ അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു സന്തോഷ് കെ നായരുടെ അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു.
1982 ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹിനിയാട്ടം ആണ് അവസാനമായി അഭിനയിച്ച സിനിമ.






