
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആത്മാര്‍ത്ഥമായി അധ്വാനിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ നിന്നും നയിച്ചവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കണമെന്നും കെ. മുരളീധരന്. മുഖ്യമന്ത്രി പദത്തിനായി നേതാക്കളുടെ പേരില്‍ ഫ്ലെക്സുകള്‍ വെക്കുന്നതും പരസ്യങ്ങള്‍ നല്‍കുന്നതും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കി.
എത്ര ഫ്ലെക്സ് വെച്ചു എന്നതല്ല, മറിച്ച് എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നിലുള്ള രഹസ്യ ബാലറ്റിലൂടെയും ചര്‍ച്ചകളിലൂടെയുമാണ്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും, നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ നിന്ന് ആരെയും പരസ്യമായി പിന്തുണയ്ക്കുന്നില്ലെന്നും മുരളീധരന് വ്യക്തമാക്കി.
പിണറായി വിജയന് പ്രതിപക്ഷ നേതാവായി വരുന്നത് രാഷ്ട്രീയമായി യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തരായ എംപിമാരെ ഇറക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. കെ. സുധാകരനും ഷാഫി പറമ്പിലും പിണറായി വിജയനെതിരെ നേരിട്ട് മത്സരിച്ചിരുന്നെങ്കില്‍ മത്സരചിത്രം മാറുമായിരുന്നു.






