
ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോളിന്റെ വന്‍കരയില്‍ വീണ്ടും വിസ്മയം തീര്‍ക്കാന്‍ ആസ്റ്റണ്‍ വില്ല എത്തുന്നു. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ വെല്ലുവിളിയെ ഗോള്‍മഴയില്‍ (4-0) അപ്രസക്തമാക്കിയാണ് വില്ല യൂറോപ്പ ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മുപ്പത്തിയെട്ട് വര്‍ഷത്തെ സുദീര്‍ഘമായ കാത്തിരിപ്പിന് വിരാമമിട്ട് ഒരു വന്‍കിട കിരീടം വില്ലാ പാര്‍ക്കിലെത്തിക്കാന്‍ ഉനായ് എമറിയും സംഘവും ഇനി ഇസ്താംബൂളിലേക്ക് വിമാനം കയറും. മെയ് 20-ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ജര്‍മ്മന്‍ കരുത്തരായ ഫ്രെയ്ബര്ഗാണ് വില്ലയുടെ എതിരാളികള്‍.
ആദ്യ പാദത്തിലെ 1-0 ന്റെ തോല്‍വി വില്ലയെ തളര്ത്തുമെന്നു കരുതിയവര്‍ക്ക് തെറ്റി. തങ്ങളുടെ തട്ടകമായ വില്ലാ പാര്‍ക്കില്‍ ആരാധകനായ പ്രിന്‍സ് വില്യമിന്റെ സാന്നിധ്യത്തില്‍ വില്ല ഉഗ്രരൂപം പൂണ്ടു. കളി മുപ്പത്തിയെട്ട് മിനിറ്റ് പിന്നിടുമ്പോള്‍ ഒല്ലി വാട്ട്കിന്സിലൂടെ വില്ല അഗ്രഗേറ്റ് സ്കോറില്‍ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ പൗ ടോറസിനെ വീഴ്ത്തിയതിന് വിഎആര്‍ വഴി ലഭിച്ച പെനാല്‍റ്റി എമി ബൂണ്ടിയ അനായാസം വലയിലെത്തിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ക്യാപ്റ്റന്‍ ജോണ്‍ മക്ഗിന്‍ നേടിയ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ ഫോറസ്റ്റിന്റെ തിരിച്ചുവരവിനുള്ള എല്ലാ പഴുതുകളും അടച്ചു.
യൂറോപ്പ ലീഗിലെ തന്ത്രശാലിയായ പരിശീലകന് എന്ന് പേരെടുത്ത ഉനായ് എമറിക്ക് ഇത് തന്റെ അഞ്ചാം കിരീടത്തിനായുള്ള പോരാട്ടമാണ്. 1996-ന് ശേഷം വില്ലയുടെ ട്രോഫി ഷെല്‍ഫിലേക്ക് ഒരു വലിയ കിരീടം എത്തിക്കുക എന്നതിലുപരി, അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് പ്രവേശനം നേടാനും ഈ കിരീടനേട്ടം അവരെ സഹായിക്കും. നിലവില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള വില്ല കിരീടം ചൂടിയാല്‍, ലീഗില്‍ ആറാം സ്ഥാനത്തുള്ള ബേണ്‍മൗത്തിനും ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ഭാഗ്യം ലഭിച്ചേക്കാം എന്നത് ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് ഇരട്ടി മധുരമാകുന്നു.





