റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടാനൊരുങ്ങുന്ന ബ്രസീല്‍ ടീമില്‍ നെയ്‌മര്‍ ഇടംപിടിച്ചു. കോച്ച് കാര്‍ലോ ആന്‍സലോട്ടയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 34 വയസുകാരനായ നെയ്‌മര്‍ ബ്രസീലിന്റെ ടോപ് സ്‌കോററാണ്. ഇതുവരെ 79 ഗോളുകളടിച്ച നെയ്‌മര്‍ കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആന്‍സലോട്ടി. താരത്തിന്റെ നാലാം ലോകകപ്പാണു വരാനിരിക്കുന്നത്. 2023 ഒക്‌ടോബറിനു ശേഷം നെയ്‌മര്‍ നിരന്തരം പരുക്കിന്റെ പിടിയിലാണ്. ലോകകപ്പിലെ പ്രധാന താരമാണു നെയ്‌മറെന്ന് ആന്‍സലോട്ടി റിയോ ഡി ജനീറോയില്‍ നടന്ന പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി. വിനീഷ്യസ് ജൂനിയര്‍, റാഫിഞ്ഞ എന്നിവരും നെയ്‌മറിനൊപ്പമുണ്ട്. എന്‍ഡ്രിക്, റയാന്‍ എന്നിവരാണു പുതുമുഖങ്ങള്‍. സ്‌ട്രൈക്കര്‍മാരായ ജോയ പെഡ്രോ, ആന്റണി എന്നിവരെ ഒഴിവാക്കി. റോഡ്രിഗോ, എസ്‌താവോ എന്നിവര്‍ പരുക്കിന്റെ പിടിയിലാണെന്നത് ബ്രസീല്‍ കോച്ചിന്റെ ചിന്താ വിഷയമാണ്‌്. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആന്‍സലോട്ടിയുമായുള്ള കരാര്‍ 2030 ലോകകപ്പ് വരെ നീട്ടിയിരുന്നു. സി ഗ്രൂപ്പില്‍ മൊറോക്കോ, ഹെയ്‌തി, സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണു ബ്രസീല്‍. ജൂണ്‍ 13 നു മൊറോക്കോയ്‌ക്കെതിരേ ന്യൂ ജഴ്‌സിയിലാണ് ആദ്യ മത്സരം.
ടീം: ഗോള്‍ കീപ്പര്‍മാര്‍ - അലിസണ്‍, എഡേഴ്‌സണ്‍, വെവെര്‍ട്ടണ്‍. ഡിഫന്‍ഡര്‍മാര്‍- അലക്‌സ് സാന്‍ഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രമര്‍, ഇബാനെസ്, വെസ്ലി, മാര്‍ക്വിനോസ്, ഗബ്രിയേല്‍ മാഗ്‌ഹാസ്, ഡഗ്ലസ് സാന്റോസ്. മിഡ്‌ഫീല്‍ഡര്‍മാര്‍- ബ്രൂണോ ഗുയ്‌മാറസ്, കാസെമിറോ, ഫാബിഞ്ഞോ, ലൂകാസ് പാക്വേറ്റ. ഫോര്‍വേഡുകള്‍- എന്‍ഡ്രിക്‌സ്, ഗബ്രിയേല്‍ മാര്‍ട്ടിനെലി, ഇഗോര്‍ തിയാഗോ, മാതിയു കുന്‍ഹ, റാഫിഞ്ഞ, വിനീഷ്യസ് ജൂനിയര്‍, ലൂയിസ് ഹെന്റിക്വസ്, നെയ്‌മര്‍, റയാന്‍.




