മുംബൈ: അഫ്ഗാനിസ്ഥാനെതിരേയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടെസ്റ്റ് ടീമില്‍നിന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു.
ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഋഷഭ് പന്തിനു പകരം ലോകേഷ് രാഹുല്‍ ഉപനായകനായി. സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ ഇന്നലെയാണു ടീം പട്ടിക പുറത്തുവിട്ടത്. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍, പേസര്‍ ആകാശ് ദീപ് എന്നിവരെയും ഒഴിവാക്കി. ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ മാനവ് സുതര്‍, പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണു പുതുമുഖങ്ങള്‍. വിദര്‍ഭയുടെ ഇടംകൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയും നടാടെ ടെസ്റ്റ് ടീമിലെത്തി. അഫ്ഗാനെതിരേ ഒരു ടെസ്റ്റ് മാത്രമാണു കളിക്കുന്നത്.
ടീം: ശുഭ്മന്‍ ഗില്‍ (നായകന്), യശസ്വി ജയ്സ്വാള്‍, ലോകേഷ് രാഹുല്‍, സായ് സുദര്ശന്, ഋഷഭ് പന്ത്, ദേവദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജൂറല്‍.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ മുന്‍ നായകന് രോഹിത് ശര്‍മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇടംനേടി. പരുക്കിന്റെ പിടിയിലുള്ള ഇരുവര്‍ക്കും കായികക്ഷമത തെളിയിച്ചാലെ കളിക്കാനാകു. ഗില്ലാണ് ഏകദിന ടീമിനെയും നയിക്കുന്നത്്്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ലോകേഷ് രാഹുല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. ശ്രേയസ് അയ്യരാണ് ഉപനായകന്‍. വിദര്‍ഭയ്ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ കിരീടം നേടിക്കൊടുത്ത ഹര്‍ഷ് ദുബെയും പ്രിന്‍സ് യാദവും ഏകദിന ടീമിലെത്തി. രഞ്ജി ട്രോഫി 2024-25 സീസണിലെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ലാലാ അമര്‍നാഥ് പുരസ്കാരം നേടിയ താരമാണ്്.
ഏകദിന ടീം: ഗില്‍ (നായകന്), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, പ്രസിദ്ധ കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.
ന്യൂ ചണ്ഡീഗഡില്‍ ജൂണ്‍ ആറ് മുതലാണ് ടെസ്റ്റ്. ജൂണ്‍ 13, 17, 20 തീയതികളിലായാണ് ഏകദിന മത്സരങ്ങള്‍. ധര്‍മശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലാണു മത്സരങ്ങള്‍. ബ്രാര്‍ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഒന്‍പത് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. ഇന്ത്യ എ ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിനെ വിജയ് ഹസാരെ ട്രോഫി സെമി ഫൈനല്‍ വരെയെത്തിക്കാനുമായി.





