
ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗണ്ട് വെസൂവിയസ് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ പുരാതന റോമന്‍ നഗരമായ പോംപേയില്‍ നിന്ന് ചരിത്രത്തിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒരു മനുഷ്യമുഖം പുനര്‍നിര്‍മ്മിച്ചു. എ.ഡി 79-ല്‍ ഉണ്ടായ മഹാദുരന്തത്തില്‍ കൊല്ലപ്പെട്ട ഒരു പുരുഷന്റെ രൂപമാണ് ഗവേഷകര്‍ ഡിജിറ്റലായി ആവിഷ്കരിച്ചത്. ലോകപ്രശസ്തമായ ഈ ദുരന്തത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ആധുനിക സാങ്കേതികവിദ്യ പുതിയ വഴിതുറക്കുന്നു എന്നതിന് തെളിവാണ് ഈ നേട്ടം.
അഗ്നിപര്‍വ്വത സ്ഫോടനത്തിനിടെ നഗരത്തില്‍ നിന്ന് കടല്‍തീരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരുടെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളുടെ രൂപമാണ് ഇപ്പോള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത്. സ്ഫോടനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ആകാശത്ത് നിന്ന് അഗ്നിപര്‍വ്വത അവശിഷ്ടങ്ങള്‍ അതിശക്തമായി പതിച്ചപ്പോഴാണ് ഇയാള്‍ മരിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു. പോംപേ പുരാവസ്തു പാര്‍ക്കും പാദുവ സര്‍വകലാശാലയും സംയുക്തമായാണ് ഈ സങ്കീര്‍ണ്ണമായ പദ്ധതി നടപ്പിലാക്കിയത്.
നഗരമതിലിന് പുറത്തുള്ള 'പോര്‍ട്ട സ്റ്റാബിയ' ശ്മശാനത്തിന് സമീപം നടത്തിയ ഖനനത്തില്‍ ലഭിച്ച വിവരങ്ങളാണ് രൂപരേഖ തയ്യാറാക്കാന്‍ ഉപയോഗിച്ചത്. പുറത്തുവന്ന ഡിജിറ്റല്‍ ചിത്രത്തില്‍, പരുക്കന്‍ റോഡിലൂടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഒരാളെ കാണാം. മുകളില്‍ നിന്ന് വീഴുന്ന കല്ലുകളില്‍ നിന്നും ചാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വലിയ മണ്‍പാത്രം ഇയാള്‍ തലയ്ക്ക് മുകളില്‍ ഒരു കവചം പോലെ പിടിച്ചിട്ടുണ്ട്. പശ്ചാത്തലത്തില്‍ വെസൂവിയസ് അഗ്നിപര്‍വ്വതം പുകയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അക്കാലത്തെ റോമന്‍ എഴുത്തുകാരനായിരുന്ന പ്ലിനി ദി യംഗര്‍ രേഖപ്പെടുത്തിയ ചരിത്രവിവരണങ്ങളെ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. നഗരവാസികള്‍ തലയില്‍ തലയിണകളും മറ്റും കെട്ടിവെച്ച് കല്ലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായി പ്ലിനി രേഖപ്പെടുത്തിയിരുന്നു. ഖനനസ്ഥലത്ത് മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മണ്ണെണ്ണ വിളക്ക്, ഇരുമ്പ് മോതിരം, 10 വെങ്കല നാണയങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഇയാളുടെ അവസാന നിമിഷങ്ങളിലേക്കും അന്നത്തെ സാധാരണ ജീവിതത്തിലേക്കും വെളിച്ചം വീശുന്നവയാണ് ഈ വസ്തുക്കള്‍.
അസ്ഥികൂടങ്ങളില്‍ നിന്നുള്ള വിവരങ്ങളും പുരാവസ്തു ഡാറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോട്ടോ എഡിറ്റിംഗ് സാങ്കേതികവിദ്യകള്‍ എന്നിവയുമായി സംയോജിപ്പിച്ചാണ് രൂപം നിര്‍മ്മിച്ചത്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ശാസ്ത്രീയ പഠനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എ.ഐക്ക് കഴിയുമെന്ന് പോംപേ പാര്‍ക്ക് ഡയറക്ടര്‍ ഗബ്രിയേല്‍ സുക്ട്രീഗല് പറഞ്ഞു. ചരിത്രത്തെ ജനങ്ങളിലേക്ക് വൈകാരികമായും ലളിതമായും എത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.






