
രാകേഷ് കുമാർ എന്ന യുവാവ് തന്റെ ലംബോർഗിനി കാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഓടിക്കാൻ നൽകിയ ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ലംബോർഗിനി ഓടിച്ചുപോകുന്നതിനിടെ അരികിലൂടെ പോയ ഒരു ഓട്ടോ ഡ്രൈവറുമായി രാകേഷ് സംസാരിക്കുകയും, അദ്ദേഹത്തിന് അത്തരമൊരു അത്യാഡംബര വാഹനം ഓടിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കുകയുമായിരുന്നു.
ആഗ്രഹം അറിഞ്ഞ ഉടൻ തന്നെ രാകേഷ് വണ്ടി റോഡരികിൽ നിർത്തി ഓട്ടോ ഡ്രൈവർക്ക് തന്റെ ലംബോർഗിനിയുടെ താക്കോൽ കൈമാറി. പകരം താൻ ആ ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. വളരെ പെട്ടെന്നുണ്ടായ ഈ തീരുമാനം ഓട്ടോ ഡ്രൈവർക്ക് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു.
ഈ അനുഭവത്തെക്കുറിച്ച് രാകേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് പലരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചപ്പോൾ തന്റെ പഴയ കഷ്ടപ്പാടുകൾ നിറഞ്ഞ കാലഘട്ടമാണ് തനിക്ക് ഓർമ്മ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോയുടെ മീറ്റർ നോക്കി പണം നൽകാൻ പോലും ബുദ്ധിമുട്ടിയിരുന്ന ആ പഴയ നാളുകളിലേക്ക് ഈ യാത്ര തന്നെ തിരികെ കൊണ്ടുപോയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാകേഷിന്റെ ഈ മാതൃകാപരമായ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ഉയരുന്നത്. മറ്റൊരാളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കാണിച്ച അദ്ദേഹത്തിന്റെ ഈ കരുതലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. യഥാർത്ഥ വിജയം എന്നത് ഇത്തരം സന്തോഷ നിമിഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലാണെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.






