
മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതിനുകാരണം തണ്ണിമത്തൻ കഴിച്ചതുമൂലമുള്ള വിഷബാധയല്ലെന്ന് കണ്ടെത്തി. ഇവർ എലിവിഷം ഉള്ളിൽചെന്നാണ് മരിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു.
മരിച്ചവരുടെ ശരീരത്തിലും ഭക്ഷണാവശിഷ്ടങ്ങളിലും എലിവിഷത്തിന്റെ ഘടകമായ സിങ്ക് ഫോസ്ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ച നിറത്തിൽ കണ്ടതാണ് നിർണായകമായത്. വിഷം സ്വയം കഴിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
കുടുംബം മരിച്ച ദിവസം രാത്രി ബന്ധുക്കൾക്ക് മുബൈയിലെ വീട്ടിൽ വിരുന്ന് നൽകിയിരുന്നു. മട്ടൻ ബിരിയാണി ആയിരുന്നു വിഭവം. ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെ കുടുംബാംഗങ്ങൾ തണ്ണിമത്തൻ കഴിച്ചു. രാവിലെ അഞ്ച് മണിയോടെ എല്ലാവർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും മരിക്കുകയായിരുന്നു. അബ്ദുള്ള ഡൊക്കാഡിയ (45), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്
തണ്ണിമത്തനിൽ വിഷാംശം അബദ്ധത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവ്വം കുത്തിവെച്ചതാണോ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. വിഷം ഉള്ളിൽച്ചെന്നതിന്റെ ലക്ഷണമായി ഇവരുടെയെല്ലാം മസ്തിഷ്കം, ഹൃദയം, കുടൽ എന്നിവ പച്ചനിറത്തിലായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം അബ്ദുള്ള ഡൊക്കാഡിയയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ മോർഫിൻ കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്.






