
കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ നിന്ന് കെ.സി. വേണുഗോപാല്‍ പിന്മാറിയേക്കും. എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിന്റേയും പിന്തുണ തനിക്കാണെന്നു ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയശേഷം പിന്മാറാനാണു സാധ്യത. ഭാവിയില്‍ മുഖ്യമന്ത്രി മാറേണ്ട സാഹചര്യം വന്നാല്‍ തനിക്കു കടന്നുവരാന്‍ എളുപ്പവുമാകുമെന്നും അദ്ദേഹം കരുതുന്നു. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 'ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ്' വരാനുള്ള സാധ്യത ശക്തമായതിനാല്‍, വീണ്ടും കേരളമുള്‍പ്പെടെ എല്ലാ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടക്കാനിടയുണ്ട്.
ഇങ്ങനെ 2029 ലോ 2031 ലോ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാമെന്ന ചിന്തയും കെ.സി. ക്യാമ്പിനുണ്ട്. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം നിലനില്‍ക്കേ എം.പിയായ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിലെ അനൗചിത്യവും ചൂണ്ടിക്കാട്ടപ്പെടാം. 2023 ല്‍ ഡി.കെ. ശിവകുമാറിനെയും സച്ചിന് പൈലറ്റിനെയും മാറ്റിനിര്‍ത്തി, കര്‍ണാടകയില്‍ സിദ്ധരാമയ്യയും രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മുഖ്യമന്ത്രിയായതു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണെന്ന അനുഭവം ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. അവടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നതുമില്ല. അതിനാല്‍, ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും തല്ക്കാലം മാറിനിന്നാല്‍, രാഷ്ട്രീയ പ്രതിച്ഛായവര്ധിക്കുമെന്ന കണക്കുകൂട്ടലും കെ.സി. വേണുഗോപാല്‍ ക്യാമ്പിലുണ്ട്.
കെ.സി. വേണുഗോപാല്‍ മാറിയാല്‍ രമേശ് ചെന്നിത്തലയും വി.ഡി. സതീശനുംമാത്രമാകും കളത്തില്‍. ഇവരില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നാല്‍, രണ്ടു പേര്‍ക്കുമായി ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രി സ്ഥാനം വീതിക്കാനുംസാധ്യതയുണ്ട്. അതില്‍ ആര്‍ക്ക് ആദ്യം എന്നതും പ്രധാനമാണ്്. അുടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ട നേതാവാകും സ്വാഭാവികമായും രണ്ടാമത്തെ ടേമില്‍ വരിക. അപ്പോള്‍ കെ.സി. വേണുഗോപാല്‍ വീണ്ടും രംഗത്തുവരാം.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി പല സുപ്രധാന ബില്ലുകളും ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുകയാണ്. ഏകീകൃത തെരഞ്ഞെടുപ്പു ബില്‍, ഏകീകൃത സിവില്‍കോഡ്, പാര്‍ലമെന്റ്- നിയമസഭ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ അതിലുള്‍പ്പെടുന്നു. പാര്‍ലമെന്റില്‍ ചൂടേറിയ വാദപ്രതിവാദങ്ങളും തന്ത്രപരമായ നീക്കങ്ങളും നടങ്ങുമ്പോള്‍ പ്രതിപക്ഷനേതാവ് രാഹൂല്‍ ഗാന്ധിക്കു വലംകൈയായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം അനിവാര്യമാണ്.
ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ വിജയം എളുപ്പമല്ലെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. അനാവശ്യമായി തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചെന്ന ചിന്ത ജനങ്ങള്‍ക്കുണ്ടാകാം. പൊതുതെരഞ്ഞെടുപ്പിലെ തരംഗം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്നുമില്ല.മാത്രമല്ല, കേരളത്തില്‍ രാഷ്ട്രീയ വോട്ടുകള്‍ കുറഞ്ഞെന്നു വിലയിരുത്തലുമുണ്ട്. നിശബ്ദതരംഗമായി മാറിയതു നിഷ്പക്ഷവോട്ടുകളാണ്. പരാജയം ഏറ്റുവാങ്ങിയ ഇടതുപക്ഷത്തിനു പെട്ടെന്നു സജീവമാകാനും കാരണമാകും. അതിനിടെ, മുസ്ലിം ലീഗ് മാത്രമല്ല മുസ്ലിം സമുദായ നേതൃത്വങ്ങളും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.






